കൊച്ചി: തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന നീക്കത്തിനെ വിലക്കി ഹൈക്കോടതി. ആഘോഷത്തിന്റെ പേരിൽ കുറ്റവാളികളെ വെറുതെ വിടുന്നത് ഉചിതമാണോ എന്ന് ചോദിച്ച ഹൈക്കോടതി ആരേയും വിട്ടയക്കരുത് എന്ന് നിർദ്ദേശിച്ചു. തടവുപുള്ളികളെ വിട്ടയയ്ക്കുന്നതിനെതിരെ തൃശൂർ സ്വദേശി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി ചീഫ് ജസിറ്റിസിന്റെ ബെഞ്ചാണ് സർക്കാർ തീരുമാനത്തെ വിലക്കിയത്.

ശിക്ഷാ ഇളവു നൽകാൻ തയാറാക്കിയ 2262 തടവുകാരുടെ പട്ടികയിൽ ടി.പി.ചന്ദ്രശേഖരന്റെ കൊലയാളികളായ 11 പേരും ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, കാരണവർ വധക്കേസ് പ്രതി ഷെറിൻ, മദ്യരാജാവ് മണിച്ചൻ എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ജയിൽ വകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലൂടെയാണ് ഈ വിവരം പുറത്തായത്. ഈ 13 തടവുകാരും പട്ടികയിലുണ്ടോ എന്ന ചോദ്യത്തിന് ‘അതെ’ എന്നാണ് ജയിൽ വകുപ്പ് മറുപടി നൽകിയത്.

ജയിൽ വകുപ്പ് കഴിഞ്ഞ സെപ്റ്റംബറിൽ 2262 പേരുടെ പട്ടിക നൽകിയിരുന്നു. ഇതിൽനിന്ന് ഇത്തരം കേസുകളിൽ പെട്ടവരെ ഒഴിവാക്കി 1850 പേരുടെ അന്തിമ പട്ടിക ഉദ്യോഗസ്ഥ ഉപസമിതി തയാറാക്കി. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ച ആ പട്ടികയിൽ മേൽപറഞ്ഞ പ്രതികളുടെ പേരും കടന്നുകൂടിയിട്ടുണ്ടെന്നും ഇതിൽ അസ്വാഭാവികത ഒന്നുമില്ലെന്നുമായിരുന്നു ഇന്നലെ ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മതിച്ചത്.
Read more: ഇതാണ് ഇവർ ചെയ്ത ക്രൂരതകൾ- സർക്കാർ ശിക്ഷായിളവ് നൽകാൻ തീരുമാനിച്ച പ്രതികളുടെ കുറ്റകൃത്യങ്ങൾ

അതേസമയം, 11 ടിപി കേസ് പ്രതികളിൽ ഒൻപതു പേർ യുഡിഎഫ് കാലത്തു സമർപ്പിച്ച ഇളവിനുള്ള പട്ടികയിൽ ഉണ്ടായിരുന്നെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ വ്യക്തമാക്കി. സന്തോഷ് മാധവനും അന്നത്തെ പട്ടികയിലുണ്ടായിരുന്നു. രമേശ് ചെന്നിത്തലയായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി. എന്നാൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ