കൊച്ചി: കലാലയങ്ങളിൽ വിദ്യാർഥിസംഘടനാ പ്രവർത്തനം ഹൈക്കോടതി വീണ്ടും നിരോധിച്ചു. പഠിക്കാനുള്ള അവകാശം മൗലികാവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ല. മറ്റു വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കും വിധമുള്ള പഠിപ്പുമുടക്കും സമരമുറകളും കോടതി വിലക്കി. കാമ്പസിനകത്ത് സമരം, ധർണ, മാർച്ച്, ഘരാവോ, പഠിപ്പുമുടക്ക് എന്നിവ കോടതി നിരോധിച്ചു.
പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലാത്ത വിദ്യാർഥികളെ സമരത്തിന് നിർബന്ധിക്കാൻ മറ്റുള്ളവർക്ക് അവകാശമില്ല. വിദ്യാർഥികളെ ക്ലാസുകൾ വിട്ടിറങ്ങാൻ നിർബന്ധിക്കാൻ പ്രതിഷേധക്കാർക്ക് അകാശമില്ല. വിദ്യാർഥി സംഘടനകൾ മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുന്നില്ലന്ന് പൊലീസ് ഉറപ്പാക്കണം. ആവശ്യപ്പെട്ടാൽ മതിയായ സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് പി.ബി സുരേഷ് കുമാർ ഉത്തരവിട്ടു.
Read Also: മൂത്രമൊഴിക്കുന്നത് മദ്യം; അപൂര്‍വ രോഗാവസ്ഥയുമായി വയോധിക
സംഘടനാ പ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന അക്രമവും പഠിപ്പുമുടക്കും തടയണമെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് റാന്നി സിറ്റാഡൽ അടക്കം മുപ്പതോളം മാനേജ്മെൻറുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പുറമെ നിന്നുള്ളവർ എത്തി അധ്യയനം തടയുകയും അക്രമം നടത്തുകയുമാണെന്നായിരന്നു മാനേജ്മെൻറുകളുടെ പരാതി.
സംഘാനാ പ്രവർത്തനം നിരോധിച്ച് വിവിധ കോടതികൾ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും ഫലമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യസ്ഥാപനങ്ങളാണ് നിവൃത്തി തേടി കോടതിയെ സമീപിച്ചതെങ്കിലും ദോഷം കൂടുതലായും അനുഭവിക്കുന്നത് സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണന്ന് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാലാ റജിസ്ട്രാർമാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.