കൊച്ചി: വിദ്യാലയങ്ങളിൽ ഇനി സംഘടനാ പ്രവർത്തനം വേണ്ടെന്ന് കേരള ഹൈക്കോടതി. വിദ്യാലയങ്ങളിൽ സംഘടനാ പ്രവർത്തനം വഴി പഠിപ്പുമുടക്കുകയും സമരം ചെയ്യുന്നവരെയും പുറത്താക്കാമെന്നും കോടതി ഉത്തരവിട്ടു.

വിദ്യാർത്ഥികൾ പഠിപ്പുമുടക്കുന്നില്ലെന്നും കോളേജിൽ പിക്കറ്റിംഗ് നടത്തുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും കോടതി പറഞ്ഞു. പൊന്നാനി എംഇഎസ് കോളേജിലെ വിദ്യാർത്ഥി സമരത്തെ കുറിച്ചുള്ള ഹർജിയിൽ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്.

അതേസമയം കോടതി വിധി ജനാധിപത്യ വിരുദ്ധമാണെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു.  “അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ വിധിയാണിത്. ഇതിനെതിരെ കോടതിയെ സമീപിക്കും. വിദ്യാർത്ഥികളുടെ സംഘടിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. അതിനായി ഏതറ്റം വരെയും എസ്എഫ്ഐ നിലയുറപ്പിക്കും”, സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി അഫ്‌സൽ ഐഇ മലയാളത്തോട് പറഞ്ഞു.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.

പൊന്നാനി എംഇഎസ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ സൂക്ഷ്മ നിരീക്ഷണം നടത്താതെ എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണം. എസ്എഫ്ഐയുടെ വൈസ് ചെയർപേഴ്സൺ, യുയുസി സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളിയത്. സൂക്ഷ്മപരിശോധന നടത്താതെ പത്രിക തള്ളിയതിനെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തു. ഇവർ നൽകിയ പരാതിയെ തുടർന്ന് സർവ്വകലാശാല തിരഞ്ഞെടുപ്പ് റദ്ദാക്കി.

ഇതേ തുടർന്ന് എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ കോളേജിൽ സംഘർഷം നടന്നിരുന്നു. ഇതിൽ ഉൾപ്പെട്ട 25 എസ്എഫ്ഐ പ്രവർത്തകരിൽ പതിനൊന്ന് പേരെ കോളേജ് മാനേജ്മെന്റ് പുറത്താക്കി. ശേഷിച്ച 15 പേരെ സെപ്തംബർ 30 വരെ സസ്പെന്റ് ചെയ്തു. പതിനായിരം രൂപ പിഴയടച്ചാൽ തിരിച്ചെടുക്കാമെന്നായിരുന്നു മാനേജ്മെന്റ് വ്യക്തമാക്കിയത്. ഇതിന് വിദ്യാർത്ഥികൾ തയ്യാറാകാതെ വന്നതോടെ ഇവരെ കൂടി പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു.

ഇതിനെ തുടർന്നാണ് എസ്എഫ്ഐ പ്രത്യക്ഷ സമരത്തിലേക്ക് പോയത്. ആദ്യത്തെ 45 ദിവസം സത്യാഗ്രഹ സമരം നടത്തിയ എസ്എഫ്ഐ പിന്നീട് പത്ത് ദിവസമായി നിരാഹാര സമരത്തിലേക്ക് പോവുകയായിരുന്നു. ആറ് വിദ്യാർത്ഥികളാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്. സമരം രമ്യമായി പരിഹരിക്കാൻ ജില്ല കളക്ടർ അമിത് മീണയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതിൽ പ്രശ്നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല.

കോടതി വിധിയെ മാനിക്കുന്നതായി എസ്എഫ്ഐ മലപ്പുറം ജില്ല സെക്രട്ടേറിയേറ്റ് അംഗം ഐപി മഹറൂഫ് പറഞ്ഞു. “കോളേജിന് സമീപത്ത് നിന്ന് സമരം നൂറ് മീറ്റർ ദൂരേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ല. വിദ്യാർത്ഥികളെ തിരിച്ചെടുക്കും വരെ സമരം ചെയ്യും. കോടതിയുടെ വിധിക്കെതിരെ ഇന്ന് തന്നെ തിരുത്തൽ ഹർജി നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി

കോടതിയുടെ അവകാശങ്ങളെ ചോദ്യം ചെയ്യാനില്ലെന്ന് പറഞ്ഞ ഹൈബി ഈഡൻ എംഎൽഎ ഈ വിധി പ്രായോഗിക അർത്ഥത്തിൽ കേരളത്തിൽ നടപ്പിലാവില്ല എന്ന് പറഞ്ഞു.  “തലവേദന വരുമ്പോൾ തല മുറിച്ചുകളയുക എന്നതാണോ പരിഹാരം? കലാലയങ്ങളിലേക്ക് എത്തുന്നത് വോട്ടവകാശത്തിനുള്ള പ്രായമുള്ള വിദ്യാർത്ഥികളാണ്. അവരുടെ സർഗാത്മക വേദികൾ കൂടിയാണ് കലാലയങ്ങളിലെ സംഘടനകൾ. അതിനെ ഒരിക്കലും ഇല്ലാതാക്കാൻ സാധിക്കില്ല.  ക്യാംപസുകളിൽ അദ്ധ്യാപകർ സമരം ചെയ്യുന്നുണ്ടല്ലോ. അദ്ധ്യാപകർക്ക് സംഘടന ഇല്ലേ? കലാലയങ്ങളിൽ സംഘടനകളെ പുറത്താക്കിയാൽ മതമൗലികവാദികൾക്ക് മാത്രമാണ് ഗുണകരമാവുക”, ഹൈബി ഈഡൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.