കൊച്ചി: തിരുവനന്തപുരത്ത് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്‌ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെ പിന്തുണച്ച് കേരള ഹൈക്കോടതി.  ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിൽ പൊലീസ് റെയ്‌ഡ് നടത്തുന്നത് നിയമവാഴ്ച നിലനിൽക്കുന്നതിന്റെ തെളിവാണെന്ന് ഹൈക്കോടതി പ്രശംസിച്ചു

പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളെ തേടിയാണ് ചൈത്ര തെരേസ ജോൺ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ഡിസിപിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ചൈത്ര തെരേസ സിപിഎം നേതാക്കളുടെ അപ്രീതിക്ക് പാത്രമാവുകയും ചെയ്തു.

ചൈത്രയ്ക്ക് എതിരെ നടപടി വേണമെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും ഉറച്ചുനിന്നത്. എന്നാൽ ഐജി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് ചൈത്രയ്ക്ക് എതിരെ നടപടി എടുക്കാൻ സാധിക്കില്ലെന്നായിരുന്നു.

ചൈത്ര തെരേസ ജോണിനെതിരായ നടപടി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ചൈത്രയുടെ നടപടിയിൽ തെറ്റില്ല എന്നല്ലേ മേലുദ്യോഗസ്ഥൻ കണ്ടെത്തിയതെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ചൈത്രയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും  ഇത് തെറ്റായ സന്ദേശം നൽകുന്നതാണെന്നും ഹർജിക്കാരായ ‘പബ്ലിക് ഐ’ എന്ന സംഘടന ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രസ്താവന നൽകുന്ന സന്ദേശം എന്താണെന്ന് ഇപ്പോൾ പരിശോധിക്കാനാവില്ലെന്നും നിയമപരമായ വിഷയങ്ങളുണ്ടെങ്കിലേ ഇടപെടാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.