കൊച്ചി: സ്വവര്‍ഗാനുരാഗികളായ യുവതികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്കി ഹൈക്കോടതി. എറണാകുളം ആലുവ മുപ്പത്തടം സ്വദേശിയായ ആദില നസ്രിന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
കോഴിക്കോട് താമശേരി സ്വദേശി ഫാത്തിമ നൂറയെ ആദിലയ്ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ വിലക്കില്ലെന്നു ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
താനും ഫാത്തിമയും ഒരുമിച്ചു താമസിക്കുകയായിരുന്നുവെന്നും പങ്കാളി ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടങ്കലിൽ വച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് ആദില കോടതിയെ സമീപിച്ചത്. ഇന്നു രാവിലെ സമര്‍പ്പിച്ച ഹര്‍ജിയില്‍, ഫാത്തിമയെ ഇന്നു തന്നെ ഹാജരാക്കാന്‍ ബിനാനിപുരം പൊലീസിനു കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫാത്തിമയെ രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹാജരാക്കി. ആദിലയെയും കോടതിയില്‍ വിളിച്ചുവരുത്തിയിരുന്നു.
ചേംബറില്‍വച്ചു യുവതികളുമായി സംസാരിച്ച കോടതി ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായതിനാല്‍ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു. ആദിലയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജി കോടതി തീര്‍പ്പാക്കുകയും ചെയ്തു.
Also Read: ‘വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുക പ്രധാനം’; അറസ്റ്റ് തടഞ്ഞ് കോടതി
ഇരുപത്തി മൂന്നുകാരിയായ നൂറയ്ക്കൊപ്പം ജീവിക്കണമെന്ന ആവശ്യവുമായി ഇരുപത്തിരണ്ടുകാരിയായ ആദില കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയിരുന്നു. തങ്ങള്‍ സ്വവര്‍ഗാനുരാഗികളാണെന്നും ഒരുമിച്ചു ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നുമായിരുന്നു ആദില പറഞ്ഞത്.
സൗദി അറേബ്യയിലെ പഠനത്തിനിടെയാണ് ആദിലയും ഫാത്തിമയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇക്കാര്യം വീട്ടിലറിഞ്ഞതോടെ എതിര്‍പ്പുണ്ടായെങ്കിലും കേരളത്തിലെത്തിയിട്ടും പ്രണയം തുടര്‍ന്നു. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
19ന് ആദില കോഴിക്കോടെത്തി ഫാത്തിമയെ കാണുകയും തുടര്‍ന്ന് അവിടെയുള്ള സംരക്ഷണ കേന്ദ്രത്തില്‍ കഴിയുകയും ചെയ്തു. പിന്നീട് ആദിലയുടെ വീട്ടുകാര്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നെങ്കിലും ഫാത്തിമയെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതോടെയാണ് ആദില കോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധി പ്രകാരം തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതിയും പൊലീസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ആദില ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.