കൊച്ചി: വിജിലൻസിനെ വിമർശിച്ച് ഹൈക്കോടതി. വിജിലൻസ് രാജാണോ ഇവിടെ നിലനിൽക്കുന്നതെന്ന് കോടതി ചോദിച്ചു. മന്ത്രിസഭാ തീരുമാനങ്ങൾ പോലും വിജിലൻസ് പരിശോധിക്കുന്ന സ്ഥിതിയാണ് നിലവിലുളളത്. വിജിലൻസ് കോടതികൾ അനാവശ്യ വ്യവഹാരങ്ങൾക്കു വഴിവയ്ക്കരുതെന്നും കോടതി നിരീക്ഷിച്ചു. ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ പ്രാഥമികാന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. മുൻ സർക്കാരിന്റെ നിയമനങ്ങൾ പുനഃപരിശോധിക്കുന്നത് എന്തിനാണെന്നും ഹർജി പരിഗണിക്കവേ കോടതി ചോദിച്ചു. പുതിയ സർക്കാരും ശങ്കർ റെഡ്ഡിയുടെ നിയമനം അംഗീകരിച്ച സ്ഥിതിക്ക് വിജിലൻസിന് ഇതിനെ എങ്ങനെ ചോദ്യം ചെയ്യാൻ കഴിയുമെന്നും കോടതി ആരാഞ്ഞു.
ശങ്കർ റെഡ്ഡി ഉൾപ്പെടെയുള്ളവർക്ക് മുൻ സർക്കാരിന്റെ കാലത്ത് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇത് ഇപ്പോഴത്തെ സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയും നിയമനവുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ടു പോകാൻ വിജിലൻസ് തീരുമാനിക്കുകയായിരുന്നു. വിജിലൻസ് ത്വരിത പരിശോധന നടത്തുകയും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിൽ മന്ത്രിസഭാ തീരുമാനം ചട്ട വിരുദ്ധമാണെന്നു രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം അഴിമതി നിരോധന നിയമപ്രകാരം കുറ്റമൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗ തീരുമാനത്തെ വിജിലൻസിന് എങ്ങനെ ചോദ്യം ചെയ്യാൻ സാധിക്കുമെന്ന് കോടതി ചോദിച്ചത്.