കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് ഇങ്ങനെ ഒരു കോർപ്പറേഷനെന്ന് കോടതി ചോദിച്ചു. നഗരസഭയിലെ റോഡുകളുടെ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ ഒന്നും നടക്കുന്നില്ലെന്നും കോർപ്പറേഷൻ തൃപ്തികരമായ ഒരു മറുപടിയും പറയുന്നില്ലന്നും കോടതി പറഞ്ഞു.

നഗരപരിധിയിലെ റോഡുകളുടെ നിലവിലെ സ്ഥിതിയെന്തെന്ന് അഞ്ച് മേഖലകളിലേയും ചുമതലയുള്ള എഞ്ചിനീയർമാർ ഈ മാസം 10ന് നേരിട്ടെത്തി വിശദീകരിക്കാൻ കോടതി ഉത്തരവിട്ടു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഏതാനും ഹർജികളാണ് കോടതി പരിഗണിച്ചത്. എസ് ആർ എം റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം.

റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മതിയായ ഫണ്ടില്ലന്നും സർക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്നും കോർപ്പറേഷൻ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും വരുമാനമുള്ള നഗരസഭയാണ് കൊച്ചിൻ കോർപ്പറേഷനെന്നും വരുമാനം കുറഞ്ഞ കോർപ്പറേഷനുകൾ നന്നായി റോഡുകൾ പരിപാലിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കോർപ്പറേഷന് തനത് ഫണ്ടിനു പുറമെ സർക്കാരിന്റെ സഹായം കൂടി ലഭിക്കുന്നുണ്ടെന്നും പണം എങ്ങനെ ചെലവഴിച്ചു എന്നറിയിക്കണമെന്നും സർക്കാർ ബോധിപ്പിച്ചു.

പ്രത്യേക സാഹചര്യത്തിലേ ഫണ്ടനുവദിക്കാനാവൂ എന്നും സർക്കാർ വ്യക്തമാക്കി.റോഡ് അറ്റകുറ്റപ്പണിക്ക് സഹായം ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി നൽകിയ കത്ത് ഇപ്പോൾ പരിഗണിക്കാനാവില്ലന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.