കൊച്ചി: പ്രളയത്തിൽ കനത്ത നാശനഷ്ടം സംഭവിച്ച കേരളത്തെ പുനർനിർമ്മിക്കാനുളള സാലറി ചലഞ്ചിനെതിരെ വീണ്ടും കേരള ഹൈക്കോടതി. ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാർ സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പ്രഥമദൃഷ്ട്യാ നിർബന്ധ സ്വഭാവമുളളതാണെന്ന് ഹൈക്കോടതി ഇന്ന് വീണ്ടും വിമർശിച്ചു.

“പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ജീവനക്കാരിൽ ആരെയും ഒരു മാസത്തെ വേതനം തരണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ല. ഇത് നൽകാൻ തയ്യാറല്ലാത്തവരുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. അതേസമയം വേതനം നൽകിയവരുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ പോരേയെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിര്‍ബന്ധിത സ്വഭാവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം സാലറി ചലഞ്ച് നിർബന്ധമല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പുനർനിർമ്മാണത്തിനുളള അപേക്ഷ മാത്രമാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, അടുത്ത രണ്ട് വര്‍ഷത്തിനിടെ 16000 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രവിഹിതത്തില്‍ 10 ശതമാനം വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ട്. 5000 കോടി കേരളത്തിന് ഗ്രാന്റായി നല്‍കണമെന്നും 4796 കോടി രൂപ കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

ലോകബാങ്കില്‍ നിന്നും ഐഎംഡിബിയില്‍ നിന്നും പണം സ്വീകരിക്കുന്നത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രാധിഷ്‌ഠിത പദ്ധതികളില്‍ 10 ശതമാനം വര്‍ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാന്റായി ആവശ്യപ്പെട്ട തുക അടിസ്ഥാന സൗകര്യങ്ങള്‍ക്കായിട്ടായിരിക്കും വിനിയോഗിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ