കൊച്ചി: ആദിവാസി സമുദായങ്ങളുടെ ക്ഷേമപ്രവർത്തനത്തിനായി അനുവദിക്കുന്ന ഫണ്ട് വകമാറ്റരുതെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഫണ്ട് അനുവദിച്ച ആവശ്യങ്ങൾക്ക് മാത്രം വിനിയോഗിക്കുന്നുണ്ടന്ന് കളക്ടർമാർ ഉറപ്പാക്കണന്നെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.

മലപ്പുറം, വയനാട്, തൃശുർ എറണാകുളം ജില്ലകളിലെ ആദിവാസി കോളനികളിൽ അവശ്യ സൗകര്യങ്ങൾ എത്തിക്കുന്നതിൽ വീഴ്ച ഉണ്ടന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ ഉത്തരവ്. കൽപ്പറ്റയിലെ നീതിവേദി അടക്കമുള്ളവർ സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത് . വീട്, സ്ഥലം ,കുടിവെള്ളം, വൈദ്യുതി, ഭക്ഷണം, മെഡിക്കൽ സൗകര്യങ്ങൾ, അംഗനവാടി തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

കളക്ടർമാരുടെ റിപ്പോർട് തേടിയ കോടതി സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയുള്ളതായി വിലയിരുത്തി. വിവിധ ആവശ്യത്തിന് അനുവദിച്ച പണം കൈമാറാനുണ്ടങ്കിൽ ഒരു മാസത്തിനകം നൽകാൻ കോടതി നിർദേശിച്ചു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള ടിവി, ലാപ്ടോപ്പ്, മൊബെൽഫോൺ സൗകര്യങ്ങൾ ഉറപ്പാക്കണം, വീട് നിർമാണം ലൈഫ് മിഷനിലൂടെ ഉറപ്പാക്കണം, കോളനികളിൽ ഹെൽത്ത് സെന്ററുകൾ ഇല്ലങ്കിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കണം എന്നും കോടതി വ്യക്തമാക്കി.

പോരായ്മകൾ മുന്നു മാസത്തിനുള്ളിൽ പരിഹരിച്ച് റിപോർട് നൽകാനും വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കമെന്നും കോടതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.