കൽപറ്റ: ഇന്നലെ വൈകിട്ട് വയനാട് പുത്തുമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ അകപ്പെട്ട ഒരാളെ ജീവനോടെ കണ്ടെത്തി. മണ്ണിനടിയിൽ നിന്ന് ഇയാളെ ജീവനോടെ പുറത്തെടുത്തു. അപകടം ഉണ്ടായി 24 മണിക്കൂറിന് ശേഷമാണ് ജീവനോടെ ഒരാളെ അപകട സ്ഥലത്ത് നിന്നും കണ്ടെത്തുന്നത്. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Also Read: നോക്കി നില്‍ക്കെ എല്ലാം മണ്ണെടുത്തു; കണ്ണീരായി മേപ്പാടി ദുരന്തം

ബാവലി തോണിക്കടവിൽ മരത്തിൽ അഭയം പ്രാപിച്ച മൂന്ന് പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് പേരാണ് ഇന്നലെ മുതൽ മരത്തിന് മുകളിൽ അഭയം പ്രാപിച്ചത്. അവസാനത്തെയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് മാനന്തവാടി എംഎൽഎ ഒ.ആർ.കേളു അറിയിച്ചു.

അതേസമയം, വയനാട് പുത്തുമലയിൽ നടത്തിയ തെരച്ചിലിൽ ഇന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെത്തി. പ്രതികൂല കാലാവസ്ഥയായതിനാൽ ഇന്നത്തെ രക്ഷാപ്രവർത്തനം വൈകാതെ നിർത്തിയേക്കും. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇന്ന് രാവിലെ കനത്ത മഴ പെയ്യുകയും ചെയ്തതോടെ ഇവിടെ രക്ഷാപ്രവര്‍ത്തനം വൈകി.

വലിയൊരു മല ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ട് പാടികളിലായി ആണ് പുത്തുമലയില്‍ ആളുകള്‍ താമസിച്ചിരുന്നത്. എട്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ഇരുപതോളം വീടുകള്‍, പള്ളിയും അമ്പലവും വാഹനങ്ങള്‍ എന്നിവയാണ് മണ്ണിനടിയിലായത്. ചിലരെല്ലാം അപ്പോള്‍ തന്നെ ഓടിരക്ഷപ്പെട്ടു. നൂറ് ഏക്കറെങ്കിലും മലവെള്ളക്കുത്തൊഴുക്കില്‍ ഒഴുകിപോയ നിലയിലാണ്. ഇവിടെ ഇപ്പോള്‍ ഒന്നും അവശേഷിക്കുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.