Heavy Rain in Kerala LIVE: തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴയ്ക്കു ശമനമില്ല. മഴ വെള്ളിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതേസമയം, ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ കക്കി ഡാമിന്റെ ജലനിരപ്പ് 980.00 മീറ്റർ കടന്നതിനാൽ രണ്ടാം ഘട്ട മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു. ജലനിരപ്പ് 980.50 ആയാല്‍ റെഡ് അലർട്ട് നൽകും.

വടക്കന്‍ കേരളത്തിലും മഴ ശക്തമാണ്. കോഴിക്കോട്, കണ്ണൂർ, വയനാട് മേഖലകളില്‍ ഗതാഗത തടസം രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കക്കി- പമ്പ നദികളുടെ കരകളില്‍ താമസിക്കുന്നവരും പമ്പ ത്രിവേണിയിലേക്കു വരുന്ന തീര്‍ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 981.46 മീറ്ററാണ് കക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കും.

Live Updates:

9.10pm:  ഇടുക്കി ഡാമിലെ ജലനിരപ്പ് 2,396 അടിയായി

4.17 pm: ഇടമലയാർ ഡാമിലെ ജലനിരപ്പ് 167.03 മീറ്റർ ആയി. ആകെ സംഭരണ ശേഷി 169 മീറ്ററാണ്. ഇടുക്കിയിൽ ജലനിരപ്പ് 2395.94 അടിയായി ഉയർന്നു.

3.40 pm: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കി

2.20 pm: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ

12.04 pm: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. നാല് വർഷത്തിന് ശേഷമാണ് തുറന്നത്.

11.40 am: മലമ്പുഴ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. 114. 86 മീറ്ററായി വെളളം ഉയർന്ന സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്.

11.10 am: ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. ജലനിരപ്പ് അപകരമായ നിലയിലേക്ക് പോകുന്നുവെന്നത് അനുവദനീയമല്ലെന്നും യോഗം. ജലനിരപ്പ് 2395.88 അടിയിലെത്തി നില്‍ക്കുകയാണ്. അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് തുടരുകയാണ്.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി എംഎം മണിയെ ചുമതലപ്പെടുത്തി.

10.25 am: ഹരിപ്പാടിനും കരുവാറ്റയ്ക്കുമിടെ തീരദേശ റയില്‍ പാതയില്‍ മരം വീണു. മരം വെട്ടിമാറ്റി ഗതാഗതം പുനരാരംഭിച്ചു. അതേസമയം, ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.

9.00 am: കക്കി ഡാമിന് പുറമേ ഇടമലയാര്‍ ഡാമിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേ ഇടമലയാറില്‍ പ്രാഥമിക മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു.

7.40 am: വെള്ളത്തിന്റെ കുത്തൊഴുക്കു വര്‍ധിച്ചതോടെ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രം അടച്ചു. അതിരപ്പിള്ളി, മലക്കപ്പാറ വഴിയുള്ള വാഹന ഗതാഗതത്തിനു നിയന്ത്രണം. കൊച്ചിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകള്‍ തുറന്നു. തമ്പാനൂര്‍ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പതിനൊന്നരയോടെ തകരാറിലായ സിഗ്നല്‍ സംവിധാനം നാലരയോടെയാണു പുനഃസ്ഥാപിക്കാനായത്.

7.30 am; ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.80 അടിയായി ഉയർന്നു. ഇന്നലെ 2395.68 അടിയായിരുന്നു ജലനിരപ്പ്. അതേസമയം വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ട് തുറക്കാനുള്ള സാധ്യത കുറഞ്ഞു. ഇന്നലെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ 0.28 അടി മാത്രമാണ് ജലനിരപ്പ് ഉയർന്നത്.

7.15 am: കൊല്ലത്ത് കടലാക്രമണം രൂക്ഷമാണ്. കണ്ണൂർ ആറളം വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് അഞ്ചു മണിക്കൂറോളം വനപാലകർ കാടിനുള്ളിൽ കുടുങ്ങി. പുഴകൾ കര കവിഞ്ഞതോടെ കണ്ണൂരിലെ മലയോര ഹൈവേയിലും കോഴിക്കോട് –വയനാട് ദേശീയപാതയിലും ഗതാഗതം തടസപെട്ടു. പാലക്കാട് മംഗലംഡാം കടപ്പാറയില്‍ ഉരുള്‍പൊട്ടി ആദിവാസി കോളനി ഒറ്റപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook