കൊച്ചി: പ്രളയത്തിൽ അകപ്പെട്ട നടൻ ധർമ്മജൻ ബോൾഗാട്ടിയെയും കുടുംബത്തെയും രക്ഷപ്പെടുത്തി. വീടിനു ചുറ്റും വെളളം നിറഞ്ഞതിനാൽ സഹായം അഭ്യർത്ഥിച്ച് ധർമ്മജൻ വോയിസ് ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടനെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.

കൃത്യസമയത്ത് തനിക്ക് സഹായം എത്തിച്ച എല്ലാവർക്കും ധർമ്മജൻ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ നന്ദി പറഞ്ഞു. ”വളരെ പെട്ടെന്നാണ് വെളളം പൊങ്ങിയത്. വീടിനു മുറ്റത്തേക്ക് ഇറങ്ങിയാൽ കഴുത്തൊപ്പം വെളളം എത്തുമെന്ന സ്ഥിതിയിലായി. ഇതോടെയാണ് സഹായം അഭ്യർത്ഥിച്ച് വോയിസ് ക്ലിപ്പ് ഇട്ടത്”.

Read More: മല്ലിക സുകുമാരനെ മാറ്റിപ്പാര്‍പ്പിച്ചു; ക്രൂരമായ പരിഹാസം കൊണ്ട് ആഘോഷമാക്കി ചിലര്‍

”രണ്ടു വഞ്ചികളിലായിരുന്നു രക്ഷാപ്രവർത്തനം. എന്റെ വീടിനു സമീത്തെ വീടുകളിൽ ഉളളവരെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. അവസാനമാണ് ഞാനും കുടുംബവും വഞ്ചിയിൽ രക്ഷപ്പെട്ടത്. ഇപ്പോൾ ഭാര്യവീട്ടിലാണ്. സഹായിച്ച എല്ലാവർക്കും നന്ദി. പ്രളയ ദുരിതം അനുഭവിച്ചാലേ മനസ്സിലാകൂ. ഇനിയും ഒരുപാട് പേർ പലയിടങ്ങളിലായി അകപ്പെട്ടു കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് ഞാനും ഒപ്പമുണ്ട്”- ധർമ്മജൻ പറഞ്ഞു.

തിരുവനന്തപുരത്ത് നടി മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ എത്തി മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് ഗിരി കുമാര്‍ അടക്കമുളള സംഘമാണ് മല്ലികയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെയ്ത മഴയില്‍ നടന്‍ പൃഥ്വിരാജിന്റെ അമ്മ കൂടിയായ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ചെമ്പില്‍ ഇരുത്തിയാണ് സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. കോൺഗ്രസ് നേതാവ് വി.എം.സുധീരനെയും കുടുംബത്തെയും നേരത്തെ തന്നെ മാറ്റിപാർപ്പിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ