scorecardresearch

മുല്ലപ്പെരിയാറില്‍ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി; ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് മന്ത്രി റോഷി

നിലവില്‍ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തമാണ്

നിലവില്‍ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തമാണ്

author-image
WebDesk
New Update
ഇടുക്കി അണക്കെട്ട് നാളെ തുറക്കും; ജലനിരപ്പ് റൂൾ കർവ് പരിധിയിലേക്ക്

തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു. പത്ത് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. 1870 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നതത്. മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

Advertisment

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളും അഞ്ച് സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്‍പ്പാത്തിപ്പുഴയുടേയും ഭാരതപ്പുഴയുടേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നിരുന്നു. ഒരു ഷട്ടറാണ് ഉച്ചയോടെ തുറന്നത്. രണ്ടു ഷട്ടറുകൾ കൂടി ഉയർത്തുമെന്നാണ് വിവരം. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തമാണ്. അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍, കത്ത് നല്‍കി.

ഡാം തുറക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മഴ ശക്തമായതിനാൽ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ട്. മഴക്കെടുതി രൂക്ഷമായതിനാൽ എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമുകൾ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കിൽ ജനങ്ങളെ ഒഴുപ്പിക്കുമെന്നും മുന്നൊരുക്കങ്ങൾ പൂർണ്ണമാണെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്.

ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്. പെരിങ്ങൽക്കുത്ത് ഡാമിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എന്നാൽ വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.75 അടിക്ക് മുകളിലെത്തി. ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ ഷട്ടറുകൾ തുറക്കും. ചാലക്കുടി പുഴയിൽ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിയാർ നദിയിൽ ജലനിരപ്പ് അപകടവസ്‌ഥയിലേക്ക് എത്താത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒൻപത് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കാസർഗോഡ് ജില്ലയിലെ ഹൊസ്‌ദുർഗ്, വെളളരിക്കുണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

Rain Heavy Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: