തൊടുപുഴ: അതിശക്തമായി സംസ്ഥാനത്ത് മഴ പെയ്യുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം സംസ്ഥാന സർക്കാർ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. അറബിക്കടലിൽ രൂപം കൊണ്ടിരിക്കുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഒരു തവണ പ്രളയത്തിൽ മുങ്ങി സർവ്വം തകർന്നിരിക്കുകയാണ് കേരളം. എന്നാൽ പിന്മാറാൻ ഒരുക്കമല്ലെന്ന നിലയിലാണ് കാലാവസ്ഥ.

അറബിക്കടലിൽ തെക്ക് ഭാഗത്തായാണ് ന്യൂനമർദ്ദം രൂപംകൊളളുന്നത്. കാറ്റ് വടക്ക് – പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുമെന്നാണ് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. അഞ്ചാം തീയ്യതി മുതൽ അതിശക്തമായ കാറ്റ് ഉണ്ടാകും. ഇതോടൊപ്പം മഴ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും പെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതിശക്തവും, അതിതീവ്രവുമായ മഴ ഇനിയുളള നാല് ദിവസങ്ങളിലും ഇടുക്കിയിൽ ഉണ്ടാകും. മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ഒക്ടോബർ അഞ്ച് വരെ മാത്രമേ അനുവാദമുളളൂ. അഞ്ചിന് ശേഷം ആരെയും ഈ ഭാഗത്തേക്ക് കടത്തിവിടില്ല. കനത്തമഴയില്‍ ഉരുള്‍ പൊട്ടിയും മണ്ണിടിഞ്ഞുമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.

മലയോര മേഖലകളിലേക്ക് ഈ ദിവസങ്ങളിൽ ആരും യാത്രകൾ പോകാൻ പാടില്ല. പ്രത്യേകിച്ചും ഒക്ടോബർ അഞ്ച് മുതൽ യാത്രകൾ ഒഴിവാക്കണം. രാത്രി കാലത്ത് ദീർഘദൂര യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ഒക്ടോബർ അഞ്ചുമുതല്‍ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടയും. ജലനിരപ്പു നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി ഒക്ടോബർ നാലിന് രാവിലെ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കും. രാവിലെ എട്ടു മണി മുതല്‍ 25 ക്യുമെക്സ് ജലം സ്പില്‍വേ ഗേറ്റിലൂടെ മുതിരപ്പുഴ വഴി മൂന്നാറിലുള്ള ആര്‍.എ ഹെഡ് വര്‍ക്സ് ജലസംഭരണിയിലേക്ക് ഒഴുക്കി വിടും.

മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി മലയോര പ്രദേശങ്ങളിലുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ റവന്യൂ അധികൃതര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതി ശക്തവും അതി തീവ്രവുമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയ്ക്ക് മുൻപ് തന്നെ കാറ്റ് വീശും. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുണ്ടെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്നും അറിയിപ്പ്.

പ്രളയ ബാധിത പ്രദേശങ്ങളിലുളളവർ സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശം പാലിച്ച് അവർ ആവശ്യപ്പെടുന്ന ഭാഗത്തേക്ക് മാറണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.