തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ. ശക്തമായ മഴയിൽ പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉൾപ്പെടെ ചെറുതും വലുതുമായ പുഴകൾ നിറഞ്ഞൊഴുകുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 ഡാമുകൾ തുറന്നു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് 35 ഡാമുകൾ ഒരുമിച്ച് തുറക്കുന്നത്.
ഇടുക്കി-ചെറുതോണി, ആത്തോട്, പമ്പ, ഇടമലയാർ, മലമ്പുഴ, വാളയാർ, ചുളളിയാർ, പെരിങ്ങൽക്കുത്ത്, ചിമ്മിനി, വാഴാനി, പീച്ചി, ഷോളയാർ, മാട്ടുപ്പെട്ടി, ഭൂതത്താൻകെട്ട്, നെയ്യാർ തുടങ്ങിയ ഡാമുകളെല്ലാം തുറന്നിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ കഴിഞ്ഞ ദിവസം അടച്ച രണ്ടു ഷട്ടറുകളും വീണ്ടും തുറന്നിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാം ചരിത്രത്തിലാദ്യമായി ആറു ഷട്ടറുകളും മുഴുവനായി തുറന്നു. ചിമ്മിനി, വാഴാനി, പീച്ചി എന്നീ ഡാമുകളുടെ നാലു ഷട്ടറുകൾ വീതം തുറന്നിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിൽ ഭൂരിപക്ഷവും നിറഞ്ഞു കവിഞ്ഞു. വൈദ്യുതി ജലസേചന വകുപ്പകളുുംടെ കൈവശമുളള ഡാമുകളിൽ 35 എണ്ണവും ജലനിരപ്പ് സംഭരണശേഷിക്കൊപ്പമായതോടെയാണ് തുറന്നു വിട്ടത്. ഇതോടെ പുഴകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ മുല്ലപ്പെരിയാർ ഡാമും തുറന്നിട്ടുണ്ട്.
കേരളത്തിൽ ആകെ 62 വലിയ ഡാമുകൾ ഉണ്ടെന്നാണ് ദേശീയ വാട്ടർ കമ്മീഷന്റെ ഡാം റജിസ്ട്രറിയിലെ കണക്കുകൾ. ഇതിൽ 36 എണ്ണം കെ എസ് ഇബിയും 20 എണ്ണം ജലസേചന വകുപ്പും രണ്ടെണ്ണം സംസ്ഥാന വാട്ടർ അതോറിട്ടിയുടെയും നിയന്ത്രണത്തിലാണ്. നാലെണ്ണം തമിഴ് നാട് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലാണ്.
നീരൊഴുക്ക് വർദ്ധിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്നലെ രാത്രി തുറന്നിരുന്നു. രാത്രി 2.45ഓടെയാണ് സ്പിൽവേ തുറന്നത്. നേരത്തെ നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂറോളം വൈകിയാണ് അണക്കെട്ടിലെ 13 ഷട്ടറുകളും ഒരടി വീതം തുറന്നത്. ഒരു മണിക്കൂറിന് ശേഷം 13ല് നിന്നും 10 ഷട്ടറുകളാക്കി കുറച്ചു. സെക്കൻഡിൽ 127.42 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.