Latest News

നിപ: എട്ടു പേർക്ക് രോഗലക്ഷണം, 32 പേർ ഹൈ റിസ്ക് വിഭാഗത്തിൽ, സമ്പർക്കപ്പട്ടികയിൽ 251 പേർ

എട്ടു പേരുടെ സ്രവങ്ങൾ പരിശോധനക്കായി അയച്ചിട്ടുണ്ട്

മരിച്ച കുട്ടിയുടെ വീട്ടിലെ ആടിൽനിന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സാമ്പിള്‍ ശേഖരിക്കുന്നു. ഫൊട്ടോ: റഫീഖ് തോട്ടുമുക്കം

കോഴിക്കോട്: പന്ത്രണ്ടു വയസുകാരൻ നിപ ബാധിച്ച് മരിച്ചതിനെത്തുടർന്ന് അഞ്ച് പേരിൽ കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെ രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ ആകെ എണ്ണം എട്ടായി. നേരത്തെ കുട്ടിയുടെ അമ്മയ്ക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗലക്ഷണങ്ങളുണ്ടെന്നായിരുന്നു ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയിരുന്നു.

സമ്പർക്കപട്ടികയിലുള്ളവരുടെ എണ്ണം 251 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ രോഗം സംശയിക്കുന്ന 32 പേർ ഹൈ റിസ്ക് വിഭാഗത്തിലാണണുള്ളത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു പേരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.

ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ്, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ജില്ലാ കലക്ടർ എന്നിവരടങ്ങുന്ന സംഘം നടത്തിയ ഓൺലൈൻ യോഗം നടന്നു.

ജില്ലയിലെ മെഡിക്കൽ ഓഫീസർമാരുമായി കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ വി. എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന ഓൺലൈൻ യോഗവും നടന്നു. മരിച്ച കുട്ടിയുടെ പ്രദേശം ഉൾപ്പെടുന്ന ചാത്തമംഗലം പഞ്ചായത്തിൽ അവലോകന യോഗം നടന്നു. നിപ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ആരോഗ്യമന്ത്രി വീണ ജോർജ് വൈകുന്നേരം ഏഴ് മണിക്ക് മാധ്യമങ്ങളെ കാണും.

പന്ത്രണ്ടു വയസുകാരൻ മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ നടന്ന നിപ അവലോകന യോഗം

വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമങ്ങൾ നടക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ് രാവിലെ പറഞ്ഞിരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്തുക എന്നത് വളരെ പ്രധാനമായതിനാൽ പ്രദേശത്ത് അതിനായുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഉൾപ്പടെ ഇന്ന് പ്രദേശത്ത് പരിശോധന നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിപ സമ്പർക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കൂടുതൽ പേർ സമ്പർക്കപട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി ആശാവർക്കർമാരും ആരോഗ്യപ്രവർത്തകരും പ്രദേശത്ത് പ്രവർത്തനം ആരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.

നിപ ബാധിച്ചു മരിച്ച പന്ത്രണ്ടു വയസുകാരന്റെ അമ്മയെയും രണ്ടു ആരോഗ്യപ്രവർത്തകരെയും രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിവരം. അതേസയമം താൻ പുലർച്ചെ എഴുന്നേറ്റ് കുളിച്ചതുകൊണ്ട് കുളിര് അനുഭവപ്പെടുക മാത്രമാണുണ്ടായതെന്നും പനിയൊ തലവേദനയോ തൊണ്ടവേദനയോ ഇല്ലെന്നും യുവതി ബന്ധുവിനോട് പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

അതിനിടെ, സ്രവ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈറോളജി ലാബ് സജ്ജീകരിക്കാനുള്ള നീക്കം ആരംഭിച്ചു. ട്രൂനാറ്റ് പരിശോധനയ്ക്കുള്ള ലാബാണ് ഒരുക്കുക. ഈ പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടെത്തുന്ന സാമ്പിളുകളുടെ കാര്യത്തിൽ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിരീകരണ പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍
ഫലം ലഭ്യമാക്കാനാവും. നിപ ചികിൽസയിലും പ്രതിരോധത്തിലും ആരോ​ഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നത് ഇന്നാരംഭിക്കും.

കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കോഴിക്കോട്ടെത്തിയ കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. മരിച്ച പന്ത്രണ്ടുകാരനു രോഗം പിടിപെട്ടത് എങ്ങനെയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് കേന്ദ്രസംഘം ഇന്നലെ എത്തിയിരുന്നു. കുട്ടി കഴിച്ച റംബുട്ടാൻ ശേഖരിച്ച സ്ഥലത്തും പരിശോധന നടത്തി.

നിപ ബാധിച്ചു മരിച്ച പന്ത്രണ്ട് വയസുകാരന്റെ വീടിനു സമീപത്തെ പറമ്പിൽനിന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ റംബുട്ടാൻ സാമ്പിൾ ശേഖരിച്ചു മടങ്ങുന്നു. കുട്ടി ഇവിടെനിന്നുള്ള റംബൂട്ടാൻ കഴിച്ചതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഫൊട്ടോ: റഫീഖ് തോട്ടുമുക്കം

മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഇന്ന് പഴൂരിൽ പരിശോധന നടത്തി. മരിച്ച കുട്ടിയുടെ വീട്ടിലെത്തിയ സംഘം, നേരത്തെ അസുഖം ബാധിച്ച ആടിൽനിന്ന് സാമ്പിള്‍ ശേഖരിച്ചു. വീടിനു സമീപത്തെ പറമ്പിൽനിന്നുള്ള റംബുട്ടാൻ സാമ്പിളുകളും സംഘം ശേഖരിച്ചു. കുട്ടി ഇവിടെനിന്നുള്ള റംബൂട്ടാൻ കഴിച്ചതായി ബന്ധുക്കൾ പറഞ്ഞിരുന്നു. റമ്പുട്ടാനുകളിൽ നിപ വൈറസ് സാന്നിധ്യമുണ്ടോയെന്ന് അറിയാൻ ഇവ പരിശോധനയ്ക്ക് അയയ്ക്കും. കുട്ടിയുടെ വീട്ടിലെ ആടിൽനിന്നും ഉദ്യോഗസ്ഥർ സാമ്പിള്‍ ശേഖരിച്ചു. ഈ ആടിനു രണ്ടു മാസം മുൻപ് രോഗം വന്നിരുന്നതായി കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു.

Also Read: നിപ: 12 വയസ്സുകാരന്റെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തുവിട്ടു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala health minister veena george update on nipah

The moderation of comments is automated and not cleared manually by malayalam.indianexpress.com