scorecardresearch
Latest News

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: സർക്കാർ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണു മെഡിക്കൽ ബോർഡ് രൂപീകരിച്ചത്

Pinarayi Vijayan, Oommen Chandi
Photo: Facebook/ Pinarayi Vijayan

തിരുവനന്തപുരം: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടല്‍. ചികിത്സയുടെ മേൽനോട്ടത്തിനു സർക്കാർ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണു മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിയിൽ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളെയും ഡോക്ടറെയും കണ്ട മന്ത്രി തുടർന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.

“മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്റെ മകളെയും ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും കണ്ടു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഹോസ്പിറ്റല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ മുഖ്യമന്ത്രി നേരിട്ടു വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചു. ശേഷം ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. എ എകെ ആന്റണിയും എം എം ഹസനും ഉമ്മന്‍ ചാണ്ടിയെ നേരത്തെ സന്ദര്‍ശിച്ചിരുന്നു.

ഉമ്മന്‍ചാണ്ടിയെ ഇന്നലെയാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ഉടന്‍ കൊണ്ടുപോകാനിരിക്കെയാണ് ന്യൂമോണിയയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

ഉമ്മന്‍ചാണ്ടിക്ക് കുടുംബം വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് ചാണ്ടി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് ഉമ്മന്‍ചാണ്ടിയും കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അലക്‌സ് ചാണ്ടിയും മറ്റു ചില കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അലക്‌സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാന്‍ താനില്ലെന്നാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala health minister veena george to visit oommen chandi