scorecardresearch

വാക്‌സിന്‍ കെട്ടിക്കിടക്കുന്നില്ല, പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യമന്ത്രി

കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്‌സിനെടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വീണാ ജോര്‍ജ്

veena george, cpm, ie malayalam
Photo: Facebook/Veena George

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാലര ലക്ഷം വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്‌സിന്‍ വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്‌സിന്‍ ഇന്നും നാളെയും കൊണ്ട് തീരും.

അടുത്ത കാലത്തായി കൂടുതല്‍ വാക്‌സിന്‍ വന്നത് 15, 16, 17 തിയതികളിലാണ്. ഈ ദിവസങ്ങളിലായി ആകെ 11.99 ലക്ഷം ഡോസ് വാക്‌സിനാണ് എത്തിയത്. 16 മുതല്‍ 22 വരെയുള്ള ഒരാഴ്ചയിൽ 13,47,811 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഈ ആഴ്ചയിലാണ് ഏറ്റവും അധികം ആള്‍ക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

തിങ്കളാഴ്ച 3.55 ലക്ഷം പേര്‍ക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേര്‍ക്കും വ്യാഴാഴ്ച 2.8 ലക്ഷം പേര്‍ക്കും വാക്‌സിന്‍ നല്‍കി. നിലവിലുള്ള സ്റ്റോക്ക് മാറ്റിനിര്‍ത്തിയാല്‍ പോലും ആര്‍ക്കും മനസിലാക്കാനാകും കേരളം എത്ര കാര്യക്ഷമമായാണ് വാക്‌സിന്‍ നല്‍കുന്നതെന്ന്. ആ നിലയ്ക്ക് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് ഒട്ടും നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

തുള്ളി പോലും പാഴാക്കാതെ, കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്‌സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം. വാക്‌സിന്‍ സംസ്ഥാനത്തെത്തിയാല്‍ അതെത്രയും വേഗം താഴെത്തട്ടിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ വിപുലമായ സംവിധാനമാണൊരുക്കിയിട്ടുള്ളത്.

കുറഞ്ഞ അളവില്‍ വാക്‌സിന്‍ എത്തുന്നതിനാല്‍ വേണ്ടത്ര സ്ലോട്ടുകളും നല്‍കാന്‍ കഴിയുന്നില്ല. കിട്ടുന്ന വാക്‌സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരുന്നതാണ്. അതിനാലാണ് സംസ്ഥാനം കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.

Also Read: ഒരേ സമയം രണ്ട് കോവിഡ് വകഭേദങ്ങൾ ബാധിക്കുമോ? ആരോഗ്യവിദഗ്ധർ പറയുന്നു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala health minister veena george on vaccine usage