Latest News

സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; ആശങ്ക പരത്തരുതെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ രണ്ട് കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായും മന്ത്രി അറിയിച്ചു

veena george, cpm, ie malayalam
Photo: Facebook/Veena George

തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളില്‍ നിലവില്‍ ഐ.സി.യു., വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയിലും തീവ്രപരിചണ ചികിത്സയ്ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ല. ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ 281 എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എല്‍. ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു. സൗകര്യമോ വെന്റിലേറ്റര്‍ സൗകര്യമോ ലഭ്യമല്ലെങ്കില്‍ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3048 ഐ.സി.യു. കിടക്കളുള്ളതില്‍ 1020 കോവിഡ് രോഗികളും 740 നോണ്‍ കോവിഡ് രോഗികളുമാണുള്ളത്. 1288 ഐ.സി.യു. കിടക്കകള്‍ (43 ശതമാനം) ബാക്കിയുണ്ട്. 2293 വെന്റിലേറ്ററുകളുള്ളതില്‍ 444 കോവിഡ് രോഗികളും 148 നോണ്‍ കോവിഡ് രോഗികളുമുണ്ട്. 1701 വെന്റിലേറ്ററുകള്‍ (75 ശതമാനം) ഒഴിവുണ്ട്.

കോവിഡ് ചികിത്സയ്ക്കായി മാത്രം 281 എംപാനല്‍ഡ് ആശുപത്രികളിലായി 20,724 കിടക്കകള്‍ സജ്ജമാണ്. ഈ ആശുപത്രികളില്‍ 2082 ഐസിയുകളും 1081 വെന്റിലേറ്ററുകളുമുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കായി 798 പേര്‍ ഐ.സി.യു.വിലും 313 പേര്‍ വെന്റിലേറ്ററിലുമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെയും ഐ.സി.യു.കളുടേയും എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ തന്നെ ആശങ്കയുടെ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി

അതേസമയം, സംസ്ഥാനത്തെ രണ്ട് കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2.72 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 2 കോടി പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 72.50 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1.41 കോടി ഡോസ് സ്ത്രീകള്‍ക്കും, 1.30 കോടി ഡോസ് പുരുഷന്‍മാര്‍ക്കുമാണ് നല്‍കിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 93.89 ലക്ഷം ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 89.98 ലക്ഷം ഡോസും, 60 വയസിന് മുകളിലുള്ളവര്‍ക്ക് 88.66 ലക്ഷം ഡോസുമാണ് നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തിന് 6.55 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 4.65 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1.90 ലക്ഷം ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1.57 ലക്ഷം, എറണാകുളം 1.83 ലക്ഷം, കോഴിക്കോട് 1.24 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 30,500, എറണാകുളം 35,450, കോഴിക്കോട് 1.24 ലക്ഷം കോവാക്സിനുമാണ് ലഭിച്ചത്.

Also Read: വാക്സിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്ത്; കേന്ദ്രം ഹൈക്കോടതിയില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala health minister veena george on icu ventilator availability

Next Story
കോവിഡ് തീവ്രമാകുന്നു; 30,007 പുതിയ കേസുകള്‍; 20,000 കടന്ന് മരണസംഖ്യ
The moderation of comments is automated and not cleared manually by malayalam.indianexpress.com