scorecardresearch
Latest News

ഫെബ്രുവരി രണ്ടാം വാരത്തോടെ കേസുകള്‍ കുറഞ്ഞേക്കും; എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല: ആരോഗ്യമന്ത്രി

കേസുകളെ അപേക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി

ഫെബ്രുവരി രണ്ടാം വാരത്തോടെ കേസുകള്‍ കുറഞ്ഞേക്കും; എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മൂന്നാം തരംഗത്തിലെ പ്രതിരോധം ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമാണ്. അടിസ്ഥാനപരമായി ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന് തീവ്രത കുറവാണ്. ഈ ഘട്ടത്തില്‍ സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ട. കോവിഡ് രോഗിയെ പരിചരിക്കുന്ന ആളിന് മാത്രം ക്വാറന്റൈന്‍ മതിയെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കോവിഡ് വ്യാപന തോത് കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വര്‍ധനവും, രണ്ടാം ആഴ്ച 148 ശതമാനം വര്‍ധനവും, മൂന്നാം ആഴ്ച 215 ശതമാനം വര്‍ധനവുമാണുണ്ടായത്. എന്നാല്‍ ഈ ആഴ്ച 71 ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. ഇത് ആശ്വാസം നല്‍കുതാണെങ്കിലും മൂന്നാഴ്ച ശ്രദ്ധിക്കണം. ഫെബ്രുവരി രണ്ടാം വാരത്തോടെ കേസുകള്‍ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍, കോവിഡ് ബാധിതരായ സ്ത്രീകള്‍, പ്രായമായ സ്ത്രീകള്‍, മറ്റുള്ളവര്‍ കോവിഡ് ബാധിച്ചതിനാല്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകള്‍ എന്നിവരെ അങ്കണവാടി ജീവനക്കാര്‍ ഫോണില്‍ വിളിച്ച് സഹായം ഉറപ്പാക്കുന്നു. ഇവര്‍ ബന്ധപ്പെട്ടവരെ അറിയിച്ച് ഭക്ഷണം, മരുന്ന്, കൗണ്‍സിലിംഗ് എന്നിവ ഉറപ്പാക്കുന്നു.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേയും ഫീല്‍ഡ് സ്റ്റാഫുകള്‍ ആ പ്രദേശത്തുള്ള കോവിഡ് രോഗികളെ ഫോണില്‍ വിളിക്കും. ഇക്കാര്യം മെഡിക്കല്‍ ഓഫീസര്‍ ഉറപ്പ് വരുത്തണം. ഏതെങ്കിലും വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ചില്ലെങ്കില്‍ ദിശ 104, 1056, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയില്‍ വിളിച്ച് വിവരം അറിയിക്കണം. കിടപ്പ് രോഗികള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കും. പാലിയേറ്റീവ് കെയര്‍ വോളണ്ടിയന്‍മാരെ പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ ഏകോപിപ്പിക്കുന്നതാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഹോം ഐസൊലേഷന്‍ മെച്ചപ്പെപ്പെടുത്തിയാല്‍ കേസുകള്‍ കുറയും. തീവ്ര പരിചരണത്തിനൊപ്പം പ്രധാനമാണ് ഗൃഹ പരിചരണം. ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ, പാലിയേറ്റിയവ് കെയര്‍ നഴ്‌സുമാര്‍, സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് ഗൃഹ പരിചരണത്തില്‍ പരിശീലനം നല്‍കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

Also Read: ഫോൺ കൈമാറുന്നതിൽ ഭയക്കാൻ എന്താണുള്ളത്? ദിലീപിനോട് ഹൈക്കോടതി, നാളെ വിശദമായ വാദം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala health minister veena george on covid situation jan 28th