തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർമാർ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സമരം ചെയ്യുന്ന ഡോക്ടർമാർക്ക് എതിരെ നടപടിയുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒപി വൈകുന്നേരങ്ങളിലും പ്രവർത്തിക്കണമെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് പോയത്. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് സായാഹ്ന ഒപിയെന്ന ആവശ്യവുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഡോക്ടർമാർ കുറ്റപ്പെടുത്തിയിരുന്നു.

പാലക്കാട് ജില്ലയിൽ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റപ്പെട്ട കുമരംപുത്തൂരിൽ സർക്കാരിന്റെ പുതിയ തീരുമാനം അനുസരിക്കാതെ ഒപിയിൽ വരാതിരുന്ന ഡോക്ടറെ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ മറ്റ് രണ്ടിടങ്ങളിലെ ഡോക്ടർമാർക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം പ്രഖ്യാപിച്ചത്.

“താൽക്കാലിക നിയമനങ്ങൾ കൊണ്ട് ആർദ്രം പദ്ധതി വിഭാവനം ചെയ്യുന്ന സേവനങ്ങൾ നൽകാനാവില്ല എന്ന യാഥാർത്ഥ്യം ഈ പദ്ധതിയുടെ തുടക്കം മുതലേ അധികാരികളെ ബോധ്യപ്പെടുത്തുവാൻ കെജിഎംഒഎ ശ്രമിച്ചിട്ടുള്ളതാണ്. എന്നാൽ അതെല്ലാം അവഗണിച്ച് യാതൊരു മുന്നൊരുക്കങ്ങളും സൗകര്യങ്ങളും ആവശ്യത്തിന് സ്റ്റാഫും ഇല്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രഖ്യാപിക്കപ്പടുകയാണ്,” കെജിഎംഒഎ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കൽ, അവലോകന യോഗങ്ങൾ നടത്തൽ, ദേശീയ ആരോഗ്യ പദ്ധതികളുടെ നിർവഹണം, കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള രോഗ പ്രതിരോധ കുത്തിവയ്‌പ് നൽകൽ, സ്കൂളുകളിലെ കുട്ടികളുടെ ആരോഗ്യ പരിശോധന, കിടപ്പ് രോഗികൾക്കായുള്ള പരിചരണ പദ്ധതികളുടെ നടത്തിപ്പ്, പഞ്ചായത്തുകളുടെ ആരോഗ്യരംഗത്തെ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള വിദഗ്ധോപദേശം നൽകൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വരുന്ന നിരവധി ഫണ്ടുകളുടെ ആസൂത്രണം, വിനിയോഗം, അവയുടെ രേഖകൾ തയ്യാറാക്കൽ തുടങ്ങിയ നിരവധി ഭരണ നിർവഹണ ചുമതലകളും പിഎച്ച്സി മെഡിക്കൽ ഓഫീസർ നിർവഹിക്കേണ്ടതായിട്ടുണ്ട്.

ഇത്രയധികം ചുമതലകൾ നിർവ്വഹിക്കേണ്ട ഡോക്ടർമാർ ഒപി മാത്രം നോക്കിയാൽ മതി എന്ന തരത്തിൽ പ്രചാരണം നടത്തി പൊതുജനാരോഗ്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നയമാണ് സർക്കാരിന്റേതെന്നും അവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.