/indian-express-malayalam/media/media_files/uploads/2021/07/veena-george.jpg)
Photo: Facebook/Veena George
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സെപ്തംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ജില്ലകളില്‍ വാക്‌സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വാക്‌സിന്‍ വിതരണത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സിറിഞ്ചുകളുടെ ക്ഷാമവും പരിഹരിച്ചുവരുന്നു. 1.11 കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കൂടിയ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഓണം കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അതിനാല്‍ തന്നെ ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കേണ്ടതാണ്. രോഗ തീവ്രത കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഹോം ഐസൊലേഷനിലുള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഹോം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം.
കോവിഡ് പരിശോധന പരമാവധി വര്‍ധിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല.
ലോക്ക്ഡൗണിലേക്ക് വീണ്ടും പോകേണ്ടതില്ലെന്ന നിലപാട് തന്നെയാണ് ആരോഗ്യ വകുപ്പിനുമുള്ളത്. എന്നാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തമാക്കിയേക്കും. വാരാന്ത്യ ലോക്ക്ഡൗണ്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ഉണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം.
ഓണക്കാലത്ത് ജാഗ്രത പാലിച്ചില്ലെങ്കില്‍ പ്രതിദിന കേസുകള്‍ 40,000 കടക്കുമെന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നാം തരംഗം എത്തുന്നതിന് മുന്‍പ് തന്നെ രോഗികള്‍ കൂടുന്നതും സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാണ്. കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കാത്തതിനാല്‍ പ്രത്യേക മുന്‍കരുതല്‍ നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്ഡിയു. കിടക്കകള്‍, 96 ഐസിയു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്. പരിശോധനകള്‍ വര്‍ധിപ്പിച്ചും പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കിയും രോഗവ്യാപനം പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്ത് നിലവില്‍ 1.54 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
Also Read: കോവിഡ് ബാധയ്ക്ക് ശേഷമുള്ള മുടികൊഴിച്ചിലിന് പരിഹാരം; ഈ മൂന്ന് ഭക്ഷണങ്ങൾ പരീക്ഷിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us