തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് അനധികൃതമായി അവധിയെടുത്ത് വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുളള എല്ലാ ജീവനക്കാരോടും ജനുവരി 15 ന് മുൻപ് ജോലിക്ക് ഹാജരാകാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ഹാജരാകാത്തവരെ പിരിച്ചുവിട്ട് പകരം ആളെ നിയമിക്കാനാണ് തീരുമാനം. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ഉത്തരവിറക്കിയത്.

അനധികൃതമായി അവധിയെടുത്ത 36 ഡോക്ടര്‍മാരെ പുറത്താക്കിയതിന് പിന്നാലെയാണ് സർക്കാർ വീണ്ടും നടപടി ശക്തമാക്കുന്നത്. സർക്കാർ ആശുപത്രികളിലെ പ്രവർത്തനത്തിന് ആൾക്ഷാമം രൂക്ഷമാണെന്ന സാഹചര്യത്തിലാണ് തീരുമാനം. തിരികെ വരുന്ന ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ബോണ്ടുകള്‍ അടക്കമുളള നിർബന്ധിത വ്യവസ്ഥകൾ അംഗീകരിക്കേണ്ടി വരും. തിരിച്ചെത്താത്തവരെ ഉടനടി പുറത്താക്കാനാണ് തീരുമാനം.

ജനുവരി 15 ന് ശേഷവും അനധികൃത അവധിയിൽ തുടരുന്ന ജീവനക്കാരുടെ വിശദാംശങ്ങൾ അതത് സ്ഥാപനങ്ങളിലെ മേധാവികൾ സമാഹരിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറണം. ജനുവരി 31 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. അനധികൃത അവധിയില്‍ പ്രവേശിച്ചവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നു ആവശ്യപ്പെട്ട്, സര്‍ക്കാര്‍ നൽകിയ പത്ര പരസ്യം വിജയം കണ്ടിരുന്നു. വിദേശത്തും മറ്റു സ്വകാര്യ സ്ഥാപങ്ങളിലും ജോലി ചെയ്തിരുന്ന നിരവധി പേര്‍ തിരികെ എത്തി. തിരികെ എത്താത്ത 36 ഡോക്ടര്‍മാരെ പിരിച്ചുവിടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.