Sexual Harassment case against Unni Mukundan: എറണാകുളം: നടൻ ഉണ്ണി മുകുന്ദൻ ആരോപണവിധേയനായ ലൈംഗിക പീഡനക്കേസിൽ സ്റ്റേ നീക്കി ഹൈക്കോടതി. കേസിൽ ഒത്തുതീർപ്പ് ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പരാതിക്കാരി ഒപ്പിട്ടിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കേസിൽ തുടർ നടപടികൾ രണ്ടു വർഷമായി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാൽ ആ ഉത്തരവാണു ഹൈക്കോടതി നീക്കം ചെയ്തത്.
ഇരയുടെ പേരിൽ ഇല്ലാത്ത സത്യവാങ്മൂലം ഹാജരാക്കിയതു ഗുരുതരമെന്നും ഹൈക്കോടതി വിമർശിച്ചു. കോടതിയ്ക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്നും അഭിഭാഷകൻ മറുപടി പറഞ്ഞേ മതിയാവുമെന്നും കോടതി പറഞ്ഞു.
ഉണ്ണിമുകുന്ദന്‍റെ അഭിഭാഷകൻ സൈബി ജോസ് ഇന്നു ഹാജരായിരുന്നില്ല. മറുപടി സത്യവാങ്മൂലം നൽകാൻ കോടതി ഉണ്ണി മുകുന്ദന് നിർദേശം നൽകി. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു ഉണ്ണിമുകുന്ദൻ കോടതിയെ ധരിപ്പിച്ചത്.
എറണാകുളത്തെ ഫ്ലാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ തന്നെ നടൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണു യുവതിയുടെ പരാതിയിൽ പറയുന്നത്.
മജിസ്‌ട്രേറ്റ് കോടതിയാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപ്പിച്ച ഹർജി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു.