/indian-express-malayalam/media/media_files/uploads/2021/04/Kerala-High-Court-1.jpg)
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറില്‍ മൂടാത്ത അഴുക്കുചാലില്‍ മൂന്നു വയസുകാരൻ വീണ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഓടകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂടാന്‍ കോടതി നിര്‍ദേശം നല്‍കി.
അമ്മയോടൊപ്പം നടക്കുകയായിരുന്ന കുട്ടി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണു അഴുക്കുചാലില്‍ വീണത്. യുവതിയുടെയും സംഭവസ്ഥലത്തുണ്ടായിരുന്നവരുടെയും സമയോചിതമായ ഇടപെടല്‍ കാരണം കുട്ടി രക്ഷപ്പെട്ടത്. സംഭവത്തില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍ കോടതിയില്‍ ഹാജരായി ക്ഷമ ചോദിച്ചു.
കുട്ടി ഓടയില്‍ വീണ കാര്യം അമിക്കസ് ക്യൂറിമാരായ എസ് കൃഷ്ണയും വിനോദ് ഭട്ടും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിഷയം അടിയന്തിരാടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്ത കോടതി കോര്‍പറേഷന്‍ സെക്രട്ടറിയെ വിളിച്ചുവരുത്തുകയായിരുന്നു.
കുട്ടിക്കു ഗുരുതരമായി പരുക്കേല്‍ക്കാത്തത് വളരെ സന്തോഷമുള്ള കാര്യമാണെന്നു പറഞ്ഞ കോടതി, കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അനന്തരഫലങ്ങള്‍ വളരെ ഗുരുതരമാകുമായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. കുട്ടി രക്ഷപ്പെട്ട ഭാഗ്യശാലിയാണെന്നും കോടതി വാക്കാല്‍ പറഞ്ഞു.
പൗരന്മാര്‍ക്കു നടക്കാന്‍ കഴിയാത്ത നഗരത്തെ അങ്ങനെ വിളിക്കാന്‍ യോഗ്യമല്ലെന്ന തത്വത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് മുന്നോട്ടുവച്ച ആശയമാണ് 'ഓപ്പറേഷന്‍ ഫുട്പാത്ത്' എന്ന് കോടതി ചൂണ്ടിക്കാട്ടി. നഗരത്തിലെ ഓടകള്‍ മൂടാത്തതിനെതിരെ നേരത്തെ തന്നെ കോടതി കടുത്ത വിമര്‍ശമുയര്‍ത്തിയിരുന്നു.
മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും ഇത്തരം മൂടാത്തതുമായ അഴുക്കുചാലുകളെക്കുറിച്ചും അതു ശ്രദ്ധാപൂര്‍വം മറികടക്കുന്നതും അറിയാമെന്ന് കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. നഗരം മുതിര്‍ന്നവര്‍ക്കു മാത്രമുള്ളതല്ല. കുട്ടികള്‍ക്കും വയോധികര്‍ക്കും അശക്തര്‍ക്കും വേണ്ടിയുള്ളതാണ്. അഴുക്കുചാലുകള്‍ മൂടുകയോ അവയ്ക്കു സമീപം ബാരിക്കേഡ് വയ്ക്കുകയോ വേണമെമന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
കുഴികളും തുറന്ന അഴുക്കുചാലുകളും കൊച്ചി നഗരത്തില്‍ പുതിയതല്ലെങ്കിലും വിഷയത്തില്‍ കണ്ണടയ്ക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കാല്‍നടയാത്രക്കാര്‍ക്കുള്ള ഇടങ്ങള്‍ സുരക്ഷിതമാക്കാന്‍ കോടതിയുടെ നിര്‍ദേശപ്രകാരം കോര്‍പറേഷന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നു സെക്രട്ടറി കോടതിയെ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ തുറന്ന ഓടകളും കുഴികളും കഴിയുന്നത്ര സ്ലാബിട്ട് മൂടുകയോ അല്ലെങ്കില്‍ ബാരിക്കേഡുകള്‍ കെട്ടി സുരക്ഷ ഉറപ്പുവരുത്തുകയോ ചെയ്യുമെന്നു സെക്രട്ടറി ഉറപ്പുനല്‍കി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ രണ്ടിലേക്കു മാറ്റി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.