കണ്ണൂര്‍: പാപ്പിനിശേരി തുരുത്തിയില്‍ ദേശീയപാത വികസനത്തിനായി ദലിത് കോളനിയടങ്ങുന്ന ഭൂമി ഏറ്റെടുക്കുന്നതിന് കേരളാ ഹൈക്കോടതിയുടെ സ്റ്റേ.  ദേശീയപാതാ വികസനത്തിനായി തങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നുവെന്ന അറിയിപ്പ് ലഭിച്ചത് മുതല്‍ പ്രദേശവാസികള്‍ സമരത്തിലായിരുന്നു.

റോഡ്‌ വികസനത്തിനായി തങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതി വിധി. ദേശീയ പാതാ അതോറിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്‌ചയ്ക്കുള്ളില്‍ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ധരിപ്പിക്കണം എന്നും കോടതി ആവശ്യപ്പെട്ടു.

Read More : തുരുത്തിയില്‍ ‘ദൈവങ്ങളും’ സമരത്തിലാണ്

റോഡ്‌ വികസനത്തിന്റെ ഭാഗമായി ഇരുപത്തിയൊമ്പതോളം വരുന്ന കുടുംബങ്ങള്‍ കുടിയൊഴിയേണ്ടിവരുമെന്ന് അറിഞ്ഞതോടെയാണ് തുരുത്തിയില്‍ പ്രതിഷേധം ആരംഭിക്കുന്നത്. പുലയ സമുദായത്തിന്റെ സെറ്റില്‍മെന്‍റ് കോളനിയടങ്ങുന്ന പ്രദേശം പാരിസ്ഥിതികമായും ഏറെ സവിശേഷതകളുള്ളതാണ്. നീര്‍ത്തട ജൈവ വൈവിധ്യ സംരക്ഷണ പരിധിയില്‍ വരുന്ന ചുള്ളി, ഉപ്പൂറ്റി, ചെറു ഉപ്പൂറ്റി, കണ്ണാംമ്പൊട്ടി, മച്ചിന്‍ തോല്‍, കോഴിയപ്പ, പേനക്കണ്ടല്‍, നക്ഷത്രക്കണ്ടല്‍, ചക്കരക്കണ്ടല്‍ തുടങ്ങിയ അപൂര്‍വയിനം സസ്യങ്ങളുടെയും നിരവധി സൂക്ഷ്മ ജീവികളുടെയും ആവാസകേന്ദ്രം കൂടിയാണീ പ്രദേശം.

വികസനത്തിന്റെ പേരില്‍ സ്ഥലം ഏറ്റെടുക്കുന്നതോടെ ഇല്ലാതാകുന്നത് ഒട്ടനവധി പാരമ്പര്യ തൊഴിലുകളും തെയ്യം അടക്കമുള്ള അനുഷ്ഠാന കലാ രൂപങ്ങളും ആണെന്ന് പ്രതിഷേധം നയിക്കുന്ന തുരുത്തി എന്‍എച്ച് ആക്ഷന്‍ കമ്മറ്റി ഉന്നയിച്ചിരുന്നു. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ജനതയെ തെരുവിലിറക്കുന്ന ‘തുരുത്തി മോഡല്‍’ വികസനത്തിലെ വംശീയത ആണെന്നും കോളനിവാസികള്‍ ആരോപിക്കുകയുണ്ടായി.

കുട്ടികളും സ്ത്രീകളും വൃദ്ധരുമടക്കമുള്ളവര്‍ നടത്തുന്ന കുടില്‍കെട്ടി സമരം ഒരു മാസം പിന്നിട്ട വേളയിലാണ് സമരക്കാര്‍ക്ക് ആശ്വാസമാകുന്ന സ്റ്റേ.

Read More : ദലിതരെ വഴിയാധാരമാക്കുന്ന റോഡ്‌ വികസനത്തിന്റെ ‘തുരുത്തി മാതൃക’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ