scorecardresearch
Latest News

‘അപ്രസക്തമായ രേഖകള്‍ പരിഗണിച്ചു’; സിവിക് ചന്ദ്രന്റെ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ

കുറ്റാരോപിതന്റെ പ്രായം കണക്കിലെടുത്ത്, കേസ് തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു

‘അപ്രസക്തമായ രേഖകള്‍ പരിഗണിച്ചു’; സിവിക് ചന്ദ്രന്റെ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: എഴുത്തുകാരനും സാമൂഹ്യവിമര്‍ശകനുമായ സിവിക് ചന്ദ്രനു ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിനു ഹൈക്കോടതിയുടെ സ്‌റ്റേ. ഉത്തരവ് പ്രഥമദൃഷ്ട്യാ ക്രമവിരുദ്ധമാണെന്നും ജാമ്യം നല്‍കാന്‍ അപ്രസക്തമായ രേഖകള്‍ പരിഗണിച്ചുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കോഴിക്കോട് ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. അതേസമയം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുന്നതു കോടതി തടഞ്ഞു.

”പ്രഥമദൃഷ്ട്യാ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് ക്രമവിരുദ്ധമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് അപ്രസക്തമായ രേഖകള്‍ പരിഗണിച്ചതായും തോന്നുന്നു. ലൈംഗിക ആകര്‍ഷണമുളവാക്കുന്ന വസ്ത്രം ധരിച്ചുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള സെഷന്‍സ് കോടതി ഉത്തരവ് ശാശ്വതമല്ല. കുറ്റാരോപിതന്റെ പ്രായം കണക്കിലെടുത്ത്, കേസ് തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് ചെയ്യരുത്,” കോടതി പറഞ്ഞു. കേസ് സംബന്ധിച്ച എല്ലാ രേഖകളും സെഷന്‍സ് കോടതിയില്‍നിന്ന് വിളിച്ചുവരുത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

വിവാദ ഉത്തരവ് പുറപ്പെടുവിച്ച കോഴിക്കോട് ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായി സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

സ്ത്രീ ‘ലൈംഗിക ആകര്‍ഷണം തോന്നുന്ന’ വസ്ത്രങ്ങള്‍ ധരിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (എ) (ലൈംഗിക പീഡനം) പ്രകാരമുള്ള കുറ്റം പ്രഥമദൃഷ്ട്യാ ബാധകമാവില്ലെന്നായിരുന്നു സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ നിരീക്ഷണം. ഓഗസ്റ്റ് 12നാണു വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

ദളിത് യുവതി ഉള്‍പ്പെട്ട മറ്റൊരു ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ഓഗസ്റ്റ് രണ്ടിന് ഇതേ ജില്ലാ കോടതി ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പട്ടിക ജാതി വിഭാഗത്തില്‍ പെട്ടയാളാണെന്ന് അറിഞ്ഞുകൊണ്ട് ഇരയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതുവെന്നതു വളരെ അവിശ്വസനീയമാണെന്നായിരുന്നു ഈ കേസില്‍ കോടതിയുടെ നിരീക്ഷണം.

ഇര പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ടയാളാണെന്ന് അറിഞ്ഞുകൊണ്ടാണു കുറ്റാരോപിതന്റെ പ്രവൃത്തിയെന്നു സ്ഥാപിക്കപ്പെട്ടാല്‍ മാത്രമേ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കുറ്റകൃത്യം നിലനില്‍ക്കുകയുള്ളൂവെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala hc stays civic chandran anticipatory bail