കൊച്ചി: രാജ്യത്ത് ആദ്യമായി പ്രാദേശിക ഭാഷയില്‍ വിധി പ്രസ്താവം പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികൂമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബഞ്ച് ജനുവരിയില്‍ പ്രഖ്യാപിച്ച വിധിയുടെ പകര്‍പ്പാണ് മലയാളത്തിലും പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബറിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയായി (സിജെഐ) ഡി വൈ ചന്ദ്രചൂഡ് അധികാരമേറ്റത് മുതൽ, പ്രാദേശിക ഭാഷകളിൽ ഹൈക്കോടതികളുടേയും സുപ്രീം കോടതിയുടേയും വിധികൾ പ്രസിദ്ധീകരിക്കുന്നതിന് താല്‍പ്പര്യം ഉയര്‍ന്നിരുന്നു.
ഈ വിധി പ്രഖ്യാപിച്ച സമയത്തായിരുന്നു സുപ്രീം കോടതി വിധികള്‍ പ്രദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി സിജെ ഐ അറിയിച്ചത്. ഇതിന്റെ ആദ്യ പടിയായി റിപ്പബ്ലിക് ദിനത്തില്‍ സുപ്രീം കോടതിയുടെ 1,091 വിധികളുടെ ഒഡിയ, ഗാരോ തുടങ്ങിയ പ്രദേശിക ഭാഷകളില്‍ പുറത്ത് വിട്ടിരുന്നു.
സുപ്രീം കോടതി വിധികൾ ഹിന്ദി, തമിഴ്, ഗുജറാത്തി, ഒഡിയ എന്നീ നാല് ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ജസ്റ്റിസ് എ എസ് ഓക്കയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് (കര്‍ണാടക ഹൈക്കോടതി, ശര്‍മിസ്ത (നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍). മിതേഷ് കപ്ര (ഐഐടി ഡല്‍ഹി), വിവേക് രാഘവന്‍ (ഏക് സ്റ്റെപ്പ് ഫൗണ്ടേഷന്‍), സുപ്രിയ ശങ്കരന്‍ (ആഗമി) എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.