കൊച്ചി: സംസ്ഥാനത്തെ റോഡ് തകര്‍ച്ചയില്‍ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി വീണ്ടും. റോഡുകളില്‍ നടക്കുന്നതു ഭാഗ്യപരീക്ഷണമാണെന്നും കോടതി പറഞ്ഞു.
വളരെ ദയനീയമാണ് റോഡുകളുടെ അവസ്ഥ. റോഡുകളില്‍ ഇറങ്ങുന്നവര്‍ ഭാഗ്യംമൂലമാണു തിരിച്ച് വീട്ടിലെത്തുന്നത്. വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടിവരരുത്. അതിനുള്ള നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ അത്തരം നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും കോടതി പറഞ്ഞു.
അതേസമയം സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കഴിയാവുന്ന രീതിയില്‍ റോഡ് നവീകരിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആലുവ-പെരുമ്പാവൂര്‍ റോഡ് അറ്റകുറ്റപ്പണി പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
അറ്റകുറ്റപ്പണി നടത്തിയ റോഡ് ഒരു മാസത്തിനകം പൊളിഞ്ഞെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് കോടതി ഇടപെട്ടത്. കോടതി നിര്‍ദേശ പ്രകാരം സൂപ്രണ്ടിങ് എന്‍ജിനീയര്‍ നേരിട്ടു ഹാജരായി.ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ തുടങ്ങിയാല്‍ ഹൈക്കോടതയില്‍ പൊതുമരാമത്ത് ഓഫീസ് തുറക്കേണ്ടി കോടതി പരിഹസിച്ചു.
കാലവര്‍ഷം തുടങ്ങിയശേഷമാണ് റോഡ് തകര്‍ന്നുതുടങ്ങിയതെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചു. മേയോടെയാണ് ആലുവ-പെരുമ്പാവൂര്‍ റോഡില്‍ കുഴികള്‍ രൂപപ്പെട്ടു തുടങ്ങിയത്. ആ സമയത്തു തന്നെ, അപകടസാധ്യതയുണ്ടെന്നും റോഡ് നന്നാക്കേണ്ടതുണ്ടെന്നും രേഖാമൂലം ചീഫ് എന്‍ജിനീയറെ അറിയിച്ചു. റോഡ് ഫണ്ട് ബോര്‍ഡിനു കൈമാറിയ റോഡുകളില്‍ മറ്റു നിര്‍മാണ പ്രവൃത്തികള്‍ ചെയ്യരുതെന്നു പൊതുമരാമത്ത് വകുപ്പിലെ നിരത്ത് വിഭാഗത്തോട് ചീഫ് എന്‍ജിനീയര്‍ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നും സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണു കോടതി രൂക്ഷവിമര്‍ശമുയര്‍ത്തിയത്.
ഈ റോഡില്‍ റോഡിലെ കുഴിയില്‍ വീണ് വാഴക്കുളം സ്വദേശി കുഞ്ഞുമുഹമ്മദ് കഴിഞ്ഞദിവസം മരിച്ചിരുന്നു. ഈ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശം.