കൊച്ചി: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പൊലിസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റപത്രം നൽകിയ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായ കേസിൽ ഗൂഢാലോചനയുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സഞ്ജിതിന്റെ ഭാര്യ അർഷിക സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് കെ.ഹരിപാൽ തള്ളിയത്.
കേസിൽ സൂത്രധാരനും കൃത്യം നടത്തിയവരും അടക്കം പതിനൊന്ന് പ്രതികളാണ് അറസ്റ്റിലായത്. പ്രതികൾക്ക് ഒളിപ്പിടമടക്കം സൗകര്യങ്ങൾ നൽകിയ ഏതാനും പ്രതികളുടെ അറസ്റ്റ് അടക്കമുള്ള തുടർനടപടികളിൽ മേൽനോട്ടം വഹിക്കാൻ പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. തുടരന്വേഷണം സംബന്ധിച്ച് രണ്ടാഴ്ച കുടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിക്ക് റിപ്പോർട്ട് നൽകണം.
പൊലിസ് നിശ്ചിത സമയത്തിന് മുൻപ് കുറ്റപത്രം നൽകിയിട്ടുണ്ടെന്നും അന്വേഷണ ഏജൻസിക്ക് എന്തെങ്കിലും താൽപര്യമോ അജണ്ടയോ ഉള്ളതായി കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 2021 നവംബർ 15നാണ് പാലക്കാട് കിണാശ്ശേരി മമ്പറത്ത് വെച്ച് സഞ്ജിതിന്റെ എസ്.ഡി.പി.ഐ പ്രവർത്തകർ കൊലപ്പെടുത്തിയത്.
Also Read: മഞ്ജുവിന്റെ പരാതിയിൽ സനൽ കുമാർ ശശിധരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്