കൊച്ചി: കെഎസ്ആർടിസിക്ക് വിപണി നിരക്കിൽ കോർപ്പറേഷന് ഡീസൽ നൽകാൻ നിർദേശിച്ച സിംഗിള്‍ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വില നിർണയിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരമുണ്ടെന്നും നയപരമായ തീരുമാനമാണെന്നുമുള്ള എണ്ണക്കമ്പനികളുടെ വാദം അംഗീകരിച്ചാണ് ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.
വില നിശ്ചയിച്ചതിൽ പ്രഥമ ദൃഷ്ട്യാ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. ഇതിനെതിരെ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസുമാരായ സി.എസ് ഡയസും ബസന്ത് ബാലാജിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.
വൻകിട ഉപഭോക്താവ് എന്ന നിലയിൽ ഡീസൽ വില കുറച്ചു നൽകണമെന്നും കമ്പനികളുടെ തീരുമാനം ഏകപക്ഷീയവും വിവേചനപരവും ആണെന്നായിരുന്നു കെഎസ്ആർടിസിയുടെ വാദം. ഇന്ധന വില കൂട്ടാതിരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എണ്ണക്കമ്പനികള്‍ കോടതിയില്‍ വ്യക്തമാക്കി.
ആഗോള സാഹചര്യങ്ങളിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് വർധനക്ക് കാരണമെന്നും വില നിർണയിക്കാൻ തങ്ങൾക്ക് അധികാരമുണ്ടന്നും നയപരമായ തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്നുമായിരുന്നു കമ്പനികളുടെ വാദം.
Also Read: വധഗൂഢാലോചനക്കേസ്: സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈം ബ്രാഞ്ച്