കൊച്ചി: അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പാക്കിയ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതോടെ കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു നടന്റെ ഭാവി ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.
സംഭവം ഒത്തുതീര്‍പ്പായതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശ്രീനാഥിന്റെ അപേക്ഷയെ തുടര്‍ന്ന് കേസിലെ നടപടികള്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നുള്ള പരാതിക്കാരിയുടെ സത്യാവാങ്മൂലവും ഹര്‍ജിക്കൊപ്പം ശ്രീനാഥ് സമര്‍പ്പിച്ചിരുന്നു. സെപ്തംബര്‍ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവതാരകയുടെ പരാതിയില്‍ മരട് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
പിന്നാലെ ശ്രീനാഥിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. സംഭവ സമയത്ത് ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാനുള്ള പരിശോധന നടത്തിയെങ്കിലും ഫലം പുറത്തുവന്നതായി വിവരമില്ല.