കൊച്ചി: സിപിഎം മുൻ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. ചെങ്ങന്നൂർ എംഎൽഎയായിരുന്ന കെ. കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻഡ് എൻജിനീയറായി നൽകിയ നിയമനമാണ് കോടതി റദ്ദാക്കിയത്. ഉദ്യോഗാർത്ഥിയെ സർവീസിൽനിന്ന് നീക്കാൻ കോടതി ഉത്തരവിട്ടു.
ആശ്രിത നിയമനം സർക്കാർ ജീവനക്കാരുടെ മക്കൾക്ക് അർഹതപ്പെട്ടതാണെന്നും എംഎൽഎ സർക്കാർ ജീവനക്കനക്കാരനല്ലെന്നും ചൂണ്ടിക്കാട്ടി പാലക്കാട് നെന്മാറ സ്വദേശിയായ എം. അശോക് കുമാർ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
തനിക്ക് ജോലിയിെല്ലന്നും പിതാവിന്റെ മരണശേഷമുണ്ടായ ദയനീയ സാഹചര്യം പരിഗണിച്ച് ജോലി നൽകണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് നൽകിയ അപേക്ഷ പരിഗണിച്ച് മന്ത്രിസഭാ യോഗം പ്രത്യേക തീരുമാനമെടുക്കുകയായിരുന്നു. വിവിധ വകപ്പുകളിൽ ഒഴിവില്ലാത്തതിനാൽ, പ്രത്യേക പരിഗണന നൽകി സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം.
നിയമനം നൽകാൻ അധികാരമുണ്ടെന്നും സർവിസ് വിഷയങ്ങളിൽ പൊതുതാൽപ്പര്യം നിലനിൽക്കില്ലെന്നുമുള്ള സർക്കാർ വാദം കോടതി തള്ളി.