കൊച്ചി: ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പി.എസ്.സി റാങ്ക് പട്ടിക നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എല്ലാ ജില്ലകളിലേയും ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകൾ ഉടൻ പി.എസ്.സി റിപ്പോർട് ചെയ്യാനും കോടതി ഉത്തരവിട്ടു.
ട്രിബ്യുണലിൽ ഉള്ള ഹർജി എത്രയും പെട്ടെന്ന് തീർപ്പാക്കാനും കോടതി നിർദേശിച്ചു. പി.എസ്.സി പട്ടിക നീട്ടാൻ ട്രിബ്യൂണലിന് അധികാരമില്ലന്ന പി.എസ്.സി യുടെ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുനിൽക്കുമ്പോൾ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്ന് കോടതി ആരാഞ്ഞു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി ഇടക്കാല ഉത്തരവിറക്കാൻ അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിന് കഴിയില്ലന്നും കോടതിയുടെ വ്യക്തമാക്കി
റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതിലെ വ്യവസ്ഥകൾ മുൻപ് മേൽക്കോടതികൾ പരിശോധിച്ച് അംഗീകരിച്ചിട്ടുള്ളതാണന്നും ട്രിബ്യൂണൽ നടപടി ഇതിനു വിരുധമാണന്നും പി.എസ്.സി ബോധിപ്പിച്ചു. പട്ടിക മുൻപ് നീട്ടിയതാണന്നും ഇനി നീട്ടാൻ കാരണങ്ങളില്ല. പുതിയ ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകേണ്ടതുണ്ട്. നിയമനത്തിനായി പ്രാഥമിക പരീക്ഷ നടത്തിയിട്ടുണ്ടെന്നും പി.എസ്.സി അറിയിച്ചു.