കൊച്ചി: പത്തനംതിട്ട ജില്ലയിലെ സീതത്തോട് സർവീസ് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബാങ്കിന്റെ സ്വത്തിനും ഡയറക്ടർ ബോർഡ് മെമ്പർമാർ, ജീവനക്കാർ, ഇടപാടുകാർ എന്നിവരുടെ ജീവനും സംരക്ഷണം നൽകുവാനും സ്ഥലത്ത് ക്രമസമാധാനം നിലനിർത്തുവാനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.
ബാങ്കുമായി ബന്ധപ്പെട്ട് 1.62 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടന്നതിനെ തുടർന്ന് ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ സമരം നടത്തുകയും ബാങ്കിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. ഇതേ തുടർന്നാണ് ബാങ്ക് പ്രസിഡൻറ് ഹൈക്കോടതിയെ സമീപിച്ചത്. ബാങ്കിന് വേണ്ടി അഡ്വക്കേറ്റ് ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ ഹാജരായി.