കൊച്ചി: സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് അടച്ചു പൂട്ടപ്പെട്ട ദേശീയപാതയോരത്തെ ബാറുകള്‍ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം പാതകളുടെ ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ട് 2014-ല്‍ ദേശീയ പാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

ഹൈക്കോടതി വിധിയുടെ ബലത്തില്‍ ബാറുടമകള്‍ ബാര്‍ ലൈസന്‍സിനായി എക്‌സൈസ് വകുപ്പിനെ സമീപിച്ചപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു വിജ്ഞാപനം വന്ന കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയുന്നത്. ബാര്‍ ഉടമകളുടെ അപേക്ഷ പരിശോധിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ലഭിക്കുമോ എന്നറിയാനായി ഋഷിരാജ് സിംഗ് അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയെങ്കിലും വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല എന്ന നിയമോപദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഇതോടെ കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയോരത്തെ ബീര്‍-വൈന്‍ പാര്‍ലറുകളെല്ലാം തുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ