കൊച്ചി: താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ ഇടപെടലുമായി ഹൈക്കോടതി. മലപ്പുറം ജില്ലാ കലക്ടറിനോട് വെള്ളിയാഴ്ചയ്ക്കകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. തുറമുഖ ഓഫീസറും ചീഫ് സെക്രട്ടറിയടക്കമുള്ളവരെ കേസില്‍ എതിര്‍ കക്ഷികളാക്കി. സ്വമേധയ എടുത്ത കേസിലാണ് കോടതിയുടെ നടപടി.
ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും നിയമത്തെ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. “ഇത്തരം സംഭവം കേരളത്തില്‍ ആദ്യമല്ല, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്,” കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ച് കേസ് പരിഗണിക്കും.
സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും, ബോട്ട് ഓപ്പറേറ്റര്‍ മാത്രമല്ല ഉത്തരവാദിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. “ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി അന്വേഷണങ്ങളും നിര്‍ദേശങ്ങളും മുന്‍പ് ഉണ്ടായിട്ടുണ്ട്. പക്ഷെ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്,” കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ശേഷമുണ്ടായ ബോട്ടപകടത്തില്‍ 22 പേരാണ് മരണപ്പെട്ടത്. അപകടം നടന്ന തൂവല്‍ തീരത്ത് ഇന്നും എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരും. ആരെയും കണ്ടെത്താനുള്ളതായി വ്യക്തമായ വിവരം ഇല്ലെങ്കിലും ഇന്ന് കൂടി തിരച്ചില്‍ നടത്തി അവസാനിപ്പിക്കാനാണ് തീരുമാനം.
അപകടത്തിന് കാരണമായ അറ്റ്ലാന്റിക്ക് എന്ന ബോട്ടിന്റെ ഉടമ നാസറിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാസറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തേക്കും. നാസറിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. തനൂര്‍ സ്റ്റേഷന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നതിനാല്‍ നാസറിനെ ഇന്നലെ സ്റ്റേഷനിലെത്തിച്ചിരുന്നില്ല.
അപകടസമയത്ത് ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ ദിനേശനും ജീവനക്കാരനായ രാജനും ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരിച്ചിലും അന്വേഷണസംഘം നടത്തുന്നുണ്ട്. താനൂര്‍ ഡി വൈ എസ് പി വി. വി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൊലീസ് അന്വേഷണത്തിന് പുറമെയാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനമായി. ഇന്നലെ താനൂരില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.