കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. വധശ്രമത്തിന് മതിയായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെതാണ് തീരുമാനം. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം റദ്ദാക്കേണ്ട ഒരു സാഹചരവുമില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ നവംബറില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതുവരെ ഒളിവിലായിരുന്നു എംഎല്‍എ.
എല്‍ദോസ് മൂന്ന് തവണ സമ്മതമില്ലാതെ ലൈംഗീക ബന്ധത്തിനിരയാക്കിയെന്നാണ് യുവതിയുടെ ആരോപണം. 2022 ജൂലൈ നാലിന് കോവളത്തെ സോമതീരം റിസോര്‍ട്ടിലും സെപ്തംബര്‍ അഞ്ചിന് കളമശേരിയിലെ ഫ്ലാറ്റിലും പതിനഞ്ചിന് യുവതിയുടെ പേട്ടയിലെ വീട്ടിലും വച്ച് പീഡനങ്ങള്‍ നടന്നെന്നാണ് പരാതി.
സെപ്തംബര്‍ 14-ന് പരാതിക്കാരിയുടെ വീട്ടിലെത്തിയ എല്‍ദോസ് അവരെ ആക്രമിക്കുകയും ബലമായി കാറില്‍ കയറ്റി കോവളത്തുള്ള ഗസ്റ്റ് ഹൗസില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ താമസിക്കാന്‍ യുവതി സമ്മതിക്കാത്തതിനാല്‍ എല്‍ദോസ് വീണ്ടും മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.