കൊച്ചി: ഡോ. പ്രിയ വര്‍ഗീസ് ഉൾപ്പെട്ട കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനപട്ടിക റദ്ദാക്കി ഹൈക്കോടതി. പട്ടികയിലെ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജി അംഗീകരിച്ചാണ് ഉത്തരവ്.
പ്രിയ വര്‍ഗീസിന്റെ അധ്യാപന പരിചയവും ഡെപ്യൂട്ടേഷനും യോഗ്യതയായി കണക്കാക്കാന്‍ സാധിക്കില്ല. നിയമനത്തിന് പ്രിയാ വര്‍ഗീസിന് അടിസ്ഥാന യോഗ്യതയില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ യുജിസി നിയമം മറികടക്കാനാകില്ലെന്നും കോടതി പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നതായും തുടര്‍ നിയമ നടപടികളെ കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രിയ വര്‍ഗീസ് പ്രതികരിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടിയില്‍ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല. എൻഎസ്എസ് കോ ഓർഡിനേറ്ററുടെ പ്രവർത്തനവും അദ്ധ്യാപന പരിചയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
.
അധ്യാപന പരിചയം എന്നാല്‍ അത് അദ്ധ്യാപനം തന്നെയാകണം. അദ്ധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ, സ്റ്റുഡന്‍റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോ, പ്രവർത്തിപരിചയരേഖ സ്ക്രൂട്ടിനിങ് കമ്മിറ്റിയിൽ സമർപ്പിച്ചിരുന്നോ എന്നും കോടതി ചോദിച്ചു.
പ്രിയ വര്‍സിന് മതിയായ യോഗ്യതയില്ലന്നും നിയമനം പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ജോസഫ് സക്കറിയ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
കേസിൽ കോടതി നാളെ വിധി പറയും. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ലെന്ന് കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപനപരിചയം പ്രിയാ വര്‍ഗീസിനില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, പ്രിയ വര്‍ഗീസിന്റെ നിയമനം ഓഗസ്റ്റ് 22നു സ്റ്റേ ചെയ്തിരുന്നു. കേസില്‍ യു ജി സിയെ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന്, പ്രിയയ്ക്കു മതിയായ യോഗ്യതയില്ലെന്നു യു ജി സി കോടതിയെ അറിയിച്ചു. പ്രിയയുടെ നിയമനത്തില്‍ ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്നാണ് യു ജി സി അറിയിച്ചത്. ഇതിനു പിന്നാലെ നിയമനം ഒരു മാസത്തേക്കു കൂടി കോടതി സ്‌റ്റേ ചെയ്തിരുന്നു.
പ്രിയ വര്‍ഗീസിന് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചതോടെയാണു ഹര്‍ജിക്കാരനായ ജോസഫ് സ്‌കറിയ റാങ്ക് പട്ടികയില്‍ രണ്ടാമതായത്. 2018 ലെ യുജിസി വ്യവസ്ഥ അനുസരിച്ച് റിസര്‍ച്ച് സ്‌കോറും അംഗീകൃത പ്രസിദ്ധീകരണങ്ങളും പരിശോധിക്കാതെയാണു വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സെക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണു പ്രിയ വര്‍ഗീസിന് ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതെന്നാണു ഹര്‍ജിക്കാരന്റെ ആരോപണം.
വിഷയത്തില്‍ സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്കു നല്‍കിയ പരാതി നല്‍കിയതിനു പിന്നാലെ പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റദ്ദാക്കിയിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വാദം തള്ളിക്കൊണ്ടായിരുന്നു ഗവര്‍ണര്‍ റാങ്ക് പട്ടിക റദ്ദാക്കിയത്. പിയ വര്‍ഗീസിന് മതിയായ യോഗ്യതയുണ്ടെന്നാണു യൂണിവേഴ്‌സിറ്റിയുടെ നിലപാട്.