കൊച്ചി: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതു വീണ്ടും വിലക്കി ഹൈക്കോടതി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇടുക്കി കേന്ദ്രമായ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും അനുശിവരാമനും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനു സ്ഥിരം നിരോധനം ഏര്‍പ്പെടുത്തണമെന്നു അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആനയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി സംബന്ധിച്ച് ആറാഴ്ചക്കകം മറുപടി അറിയിക്കാന്‍ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് കോടതി നിര്‍ദേശം നല്‍കി.
നിലവില്‍ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പൊതുപരിപാടികള്‍ക്കു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നെള്ളിക്കാന്‍ അനുമതിയുണ്ട്.
2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശന ചടങ്ങിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ടു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ആനയെ എഴുന്നള്ളിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇതിനെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്കു നിബന്ധനകളോടെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.