കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി സി ജോര്‍ജിന് ഇടക്കാല മുന്‍കൂര്‍ ജാമ്യമനുവദിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് പി സി ജോര്‍ജിനോട് നിര്‍ദേശിച്ച ജസ്റ്റിസ് പി ഗോപിനാഥ് വ്യാഴാഴ്ച വരെ അറസ്റ്റ് തടഞ്ഞു. ഇനി ഒന്നും പറയില്ലെന്ന് ഉറപ്പുണ്ടോയെന്ന് കോടതി ആരാഞ്ഞു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. എട്ടിനു നടത്തിയ പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന ആരോപണത്തെത്തുടര്ന്നു പാലാരിവട്ടം പൊലീസാണു കേസെടുത്തത്.
പൊലീസ് മകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണെന്നും ബന്ധുക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയാണെന്നും ജോര്‍ജ് ആരോപിച്ചു. തിരുവനന്തപുരത്തെ കേസില്‍ മജിസ്ട്രേറ്റ് ജാമ്യം നല്‍കിയതില്‍ പൊലീസ് വിരോധം തീര്‍ക്കുകയാണ്. ക്ഷേത്രത്തില്‍ പോയി ഹിന്ദുക്കളെക്കുറിച്ച് മോശം പറഞ്ഞാല്‍ മാത്രമേ കേസ് നിലനില്‍ക്കൂയെന്നും പ്രസംഗം മുഴുവനായും കേള്ക്കക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
Also Read: വിജയ് ബാബു വിമാന ടിക്കറ്റ് ഹാജരാക്കിയാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
കേസില്‍ നിലപാടറിയിക്കാന്‍ പ്രോസിക്യൂഷന് സാവകാശം തേടി. തിരുവനന്തപുരത്തെ കേസില്‍ ജാമ്യം റദ്ദാക്കാന്‍ മജിസ്ടേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ടന്ന് പ്രോസിക്യൂഷന് അറിയിച്ചു. ഉത്തരവ് ആ കേസിനു ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. വെണ്ണല പ്രസംഗം ചൂണ്ടിക്കാട്ടി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസിന്റെ ഹര്‍ജിയില്‍ വെണ്ണല പ്രസംഗത്തിന്റെ ദൃശ്യം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് കണ്ടിരുന്നു.
വെണ്ണല കേസിൽ ജോര്‍ജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് അറസ്റ്റിനുള്ള സാധ്യത കണ്ട് ജോര്‍ജ് ഒളിവില്‍ പോവുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ കഴിഞ്ഞദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം സംബന്ധിച്ച് കേസ് നിലനില്‍ക്കെയാണ് ജോര്‍ജ് വെണ്ണലയില്‍ സമാന പരാമര്‍ശം നടത്തിയത്. തിരുവനന്തപുരത്തെ കേസില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
Also Read: ‘ദിലീപിനു ഭരണമുന്നണിയുമായി ഗൂഢബന്ധം’; ഹൈക്കോടതിയെ സമീപിച്ച് ആക്രമിക്കപ്പെട്ട നടി
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിനു പിന്നിലെന്നാണു പി സി ജോര്‍ജിന്റെ വാദം. എന്നാല്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലേതിനു സമാനമായ പരാമര്‍ശം ജോര്‍ജ് ആവര്‍ത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെയും മനപ്പൂര്വമാണെന്നാണു മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ നിലപാടെടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരത്തെ കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.