കൊച്ചി: ട്വൻ്റി 20 പ്രവർത്തകൻ ദീപു മരണപ്പെട്ട കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം പ്രവർത്തകരായ പറാട്ട് അബ്ദുൽ റഹ് മാൻ, പറാട്ട് സൈനുദ്ദീൻ, നെടുങ്ങാടൻ വീട്ടീൽ ബഷീർ, വല്യപറമ്പിൽ അസീസ് എന്നിവർക്കാണ് ജസ്റ്റിസ് കൗസർ എടഗപ്പത്ത് ജാമ്യം അനുവദിച്ചത്.
കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം. ട്വൻറി 20 യുടെ വിളക്കണക്കൽ സമരത്തെ തുടർന്ന് സിപിഎം പ്രവർത്തകരും ദീപുവും തമ്മിൽ വാക്കേറ്റമുണ്ടായെന്നും മർദനമേറ്റുവെന്നുമാണ് ആരോപണം.
ഫെബ്രുവരി 12 ന് വൈകിട്ട് ഏഴരക്കാണ് ദീപുവിന് മര്‍ദനമേറ്റത്. പഞ്ചായത്ത് മെമ്പറും ദീപുവിന്റെ മാതാപിതാക്കളും ദീപുവിന് മര്‍ദനമേല്‍ക്കുന്നത് കണ്ടു എന്നാണ് പ്രഥമവിവരമൊഴിയിൽ പറഞ്ഞത്. ഫെബ്രുവരി 12,13 തിയതികളിൽ ദീപുവോ സംഭവം കണ്ട മറ്റുള്ളവരോ സംഭവത്തെക്കുറിച്ച് മറ്റാരോടും പറഞ്ഞില്ല.
പോലീസിൽ പരാതി നൽകുകയോ ആശുപത്രിയിൽ പോകുകയോ ചെയ്തില്ല. ഫെബ്രുവരി 14 ന് വൈകിട്ട് പഴങ്ങനാട് സമരിറ്റൻ ഹോസ്പിറ്റലിൽ അഡ്മിറ്റായ ദീപു വീണു പരിക്കേറ്റതാണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്.
ദീപു അബോധാവസ്ഥയിൽ ആയതിനു ശേഷമാണ് സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ആണ് ദീപുവിന് പരിക്കേറ്റത് എന്ന് ട്വൻറി 20 പഞ്ചായത്ത് മെമ്പർ പൊലീസില്‍ മൊഴി നൽകിയതെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
പ്രതികൾ ആരും ആയുധങ്ങൾ ഉപയോഗിച്ചില്ലെന്നും ദീപുവിന് പുറത്തു കാണാവുന്ന പരിക്കുകൾ ഒന്നും ഇല്ലാ എന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതിനാലും കുറ്റപത്രം സമർപ്പിച്ചതിനാലും തുടർ കസ്റ്റഡി ആവശ്യമില്ലന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
Also Read: കെ. വി. തോമസ് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത്: കെ. സുധാകരന്