കൊച്ചി: വിദേശത്ത് കഴിഞ്ഞുകൊണ്ട് പ്രതികള്‍ ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമോ എന്നതില്‍ നിയമവശം പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. വിഷയത്തില്‍ രണ്ട് ബഞ്ചുകളുടേതായി വ്യത്യസ്ഥ ഉത്തരവുകളുള്ള സാഹചര്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഹര്‍ജി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്കു വിടാനായി ചീഫ് ജസ്റ്റിസിന് അയച്ചു.
പീഡനക്കേസിലെ പ്രതി വിജയ് ബാബുവിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും അറസ്റ്റ് വിലക്കുകയും ചെയ്ത ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസിന്റെ ഉത്തരവിനോട് വിയോജിച്ചാണു നടപടി. പോക്‌സോ കേസിലെ പ്രതി കുവൈറ്റില്‍ താമസിക്കുന്ന അധ്യാപിക തിരുവല്ല തെള്ളിയൂര്‍ സ്വദേശി അനു മാത്യുവിന്റെ ഹര്‍ജി പരിഗണിക്കവെ വ്യത്യസ്ത ഉത്തരവുണ്ടന്ന് ഹര്‍ജി ഭാഗം ചൂണ്ടിക്കാട്ടുകയായിരുന്നു.
വിദേശത്ത് കഴിഞ്ഞുകൊണ്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കോടതി ചൂണ്ടി. സി ആര്‍ പി സി 438 പ്രകാരം വിദേശത്തുനിന്ന് ഫയല്‍ ചെയ്യുന്ന ഹര്‍ജി തള്ളേണ്ടതാണന്നു കോടതി അഭിപ്രായപ്പെട്ടു. ഷാഫി എന്നയാള്‍ സൗദി അറേബ്യയില്‍ നിന്ന് ഫയല്‍ ചെയ്ത ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍പ് തള്ളിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: ‘പരാതി പിന്‍വലിക്കണം, അല്ലെങ്കില്‍ ജീവിച്ചിരിക്കില്ല;’ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച് വിജയ് ബാബു
അതേസമയം, വിദേശത്തുനിന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്യുന്നതിനു തടസമില്ലെന്നും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ പ്രതി നാട്ടിലുണ്ടായാല്‍ മതിയെന്നുമായിരുന്നു വിജയ് ബാബുവിന്റെ കേസില്‍ ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസിന്റെ ഉത്തരവ്.
വിദേശത്തുനിന്ന് ഫയല്‍ ചെയ്യുന്ന ഹര്‍ജി പരിഗണിക്കാമോ, അറസ്റ്റ് വിലക്കാമോ എന്നീ കാര്യങ്ങള്‍ പരിശോധിക്കാനാണു കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അനു മാത്യു നാട്ടിലെത്തിയത് കണക്കിലെടുത്ത്, അറസ്റ്റ് ചെയ്താല്‍ ഇരുപത്തയ്യായിരം രൂപയുടെ ബോണ്ടില്‍ വിട്ടയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.