കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യോൽപ്പന്ന വ്യവസായ മേഖലയിൽ ലൈസൻസും പരിശോധനകളും കർശനമാക്കാൻ ഹൈക്കോടതി നിർദേശം. ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ സർക്കാരിന്
കോടതി നിർദേശം നൽകി. പരിശോധനകൾ കാര്യക്ഷമമാക്കി മുന്നു മാസത്തിലൊരിക്കൽ ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് റിപ്പോർട്ട് നൽകണം. കമ്മിഷണർ സമഗ്ര റിപ്പോർട്ട് ആരോഗ്യ സെക്രട്ടറിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം കർശനമായി നടപ്പാക്കുന്നില്ലെന്നും ആവശ്യത്തിന് ഉദ്യോഗസ്ഥരും പരിശോധനയും ഇല്ലെന്നും ഭക്ഷണത്തിലെ മായത്തിനിരകളാകുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷകനായ എം.എസ്.അജിത്കുമാർ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
നിയമം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. അസംബ്ലി നിയോജക മണ്ഡലാടിസ്ഥാനത്തിൽ 140 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഓൺലൈൻ രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശോധനക്ക് മേഖലാ തലത്തിൽ മൊബൈൽ യുണിറ്റുകളും പരിശോധനാ ലാബുകളും ഉണ്ട്. ആവശ്യത്തിന് പരിശോധനകൾ നടക്കുന്നുണ്ടെന്നും 2017-18 ൽ മാത്രം മുപ്പതിനായിരത്തിലധികം പരിശോധനകൾ നടന്നെന്നും ഒന്നരക്കോടിയോളം രൂപ പിഴ ചുമത്തിയെന്നും സർക്കാർ അറിയിച്ചു. സർക്കാർ വിശദികരണം കണക്കിലെടുത്ത് ഹർജി കോടതി തീർപ്പാക്കി.