scorecardresearch
Latest News

ഇനി ചോര വീഴരുത്, കര്‍ശന നടപടി വേണം; റോഡ് സുരക്ഷയില്‍ ഹൈക്കോടതി

ഡ്രൈവര്‍മാരുടെ അശ്രദ്ധ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു പറഞ്ഞ കോടതി റോഡ് സുരക്ഷയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഗതാഗത കമ്മിഷണര്‍ക്കാണെന്നും വ്യക്തമാക്കി

ഇനി ചോര വീഴരുത്, കര്‍ശന നടപടി വേണം; റോഡ് സുരക്ഷയില്‍ ഹൈക്കോടതി

കൊച്ചി: റോഡ് സുരക്ഷയുടെ കാര്യത്തില്‍ കര്‍ശനനിര്‍ദേശവുമായി ഹൈക്കോടതി. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്നു പറഞ്ഞ കോടതി പ്രകടമായ നടപടിയെടുക്കാന്‍ ഉത്തരവിട്ടു.

വടക്കഞ്ചേരിയില്‍ ബസ് അപകടത്തില്‍ വിദ്യാര്‍ഥികളടക്കം ഒന്‍പതു പേര്‍ മരിച്ച സംഭവത്തില്‍ ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്ത് ഹാജരായപ്പോഴായിരുന്നു കോടതിയുടെ ഉത്തരവ്. കോടതി നിര്‍ദേശപ്രകാരമാണു കമ്മിഷണര്‍ ഹാജരായത്.

ഡ്രൈവര്‍മാരുടെ അശ്രദ്ധ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു കോടതി പറഞ്ഞു. റോഡില്‍ ഇനി ചോര വീഴരുത്. വേറെ എവിടെയാണ് ഇത്രയധികം നിയമലംഘനങ്ങള്‍ നടക്കുന്നതെന്നും കോടതി ചോദിച്ചു.

അപകടങ്ങള്‍ ഉണ്ടാക്കുന്നതില്‍ പതിവ് നിയമലംഘകര്‍ ഡ്രൈവര്‍മാരാണ്. അശ്രദ്ധമായി വാഹനമോടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാനകാരണം. ഇത്തരം ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ പറഞ്ഞു.

റോഡ് സുരക്ഷയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഗതാഗത കമ്മിഷണര്‍ക്കാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ചോദിച്ചു. ഇവ അറിയിക്കാന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിനൊപ്പം വടക്കഞ്ചേരി അപകടവും സ്വമേധയാ പരിഗണിച്ചാണ് ഉത്തരവ്.

അപകടനിരക്ക് കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണു ഗതാഗത കമ്മിഷണര്‍ കോടതിയെ അറിയിച്ചു. അപകടനിരക്ക് 25 ശതമാനമായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. 13 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കമ്മിഷണര്‍ പറഞ്ഞു. കേസ് 27ന് വീണ്ടും പരിഗണിക്കും.

Kerala HC directs strict action against road safety violators

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala hc directs strict action against road safety violators