scorecardresearch
Latest News

വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടത്തരുത്, പൊലീസ് സംരക്ഷണം നല്‍കണം: ഹൈക്കോടതി

സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസിനു ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കി

വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടത്തരുത്, പൊലീസ് സംരക്ഷണം നല്‍കണം: ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു പൊലീസ് സംരക്ഷണം നല്‍കാന്‍ ഹെക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതിഷേധം സമാധാനപരമായി പ്രതിഷേധിക്കുകയല്ലാതെ തുറമുഖനിര്‍മാണം തടസപ്പെടുത്തരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

തുറമുഖ നിര്‍മാണം തടസപ്പെടുത്തിക്കൊണ്ടുള്ള സമരമാണു നടക്കുന്നത്. കരാര്‍ കമ്പനികള്‍ക്കും അവരുടെ തൊഴിലാളികള്‍ക്കും നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടുപോകാനുള്ള സുരക്ഷ പൊലീസ് ഉറപ്പാക്കണം.

സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസിനു ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

തുറമുഖ നിര്‍മാണം മത്സ്യത്തൊഴിലാളികള്‍ തടസപ്പെടുത്തുന്നു ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

കോടതി ഇടപെട്ടിട്ടും പ്രതിഷേധക്കാരെ പൊലീസ് കര്‍ശനമായി തടയുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. വിഴിഞ്ഞത്ത് ക്രമസമാധാനം നിലനിര്‍ത്താനുന്നതിനു നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന കാരണം പറഞ്ഞ് പദ്ധതിപ്രദേശം കയ്യടക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ല. തുറമുഖത്തേക്കുള്ള പ്രവേശനം തടയരുത്. തൊളിലാളികളെയും ജീവനക്കാരെയും തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നും ജസ്റ്റിസ് അനുശിവരാമന്റെ ഉത്തരവില്‍ പറഞ്ഞു.
കേസ് സെപ്റ്റംബര്‍ 29 നു വീണ്ടും പരിഗണിക്കും.

അതേസമയം, കോടതി ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു വിഴിഞ്ഞം സമരസമിതി അറിയിച്ചു. ഉത്തരവ് മാനിക്കുന്നതായും പോരാട്ടം തുടരുമെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച് പെരേര പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala hc directs police to provide protection for adani vizhinjam port project