കൊച്ചി: സ്‌കൂട്ടര്‍ യാത്രികന്‍ ദേശീയപാതയില്‍ കുഴിയില്‍വീണ് മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയ പാതയിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ദേശീയപാത അതോറിറ്റിക്കു കോടതി നിര്‍ദേശം നല്‍കി.
സ്‌കൂട്ടര്‍ യാത്രികനായ എറണാകുളം മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം (50) റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍ മരിച്ച സംഭവം അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടല്‍.
കുഴികളടയ്ക്കാന്‍ ദേശീയപാത അതോറിറ്റി കേരള വിഭാഗം ഓഫീസര്‍ക്കാണ് അമിക്കസ് ക്യൂറി വഴി കോടതി നിര്‍ദേശം നല്‍കിയത്. ഇന്ന് കോടതി അവധിയായിരിക്കെയാണ് ഇടപെടല്‍.
സ്‌കൂട്ടര്‍ കുഴിയില്‍ വീണ് റോഡിന് എതിര്‍വശത്തേക്കു തെറിച്ചുവീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. അങ്കമാലി – ഇടപ്പള്ളി റോഡില്‍ നെടുമ്പാശേരി സ്‌കൂളിനു മുന്നിലെ വളവില്‍ വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. സംഭവത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ദേശീയപാതക അധികൃതര്‍ റോഡിലെ കുഴിയടച്ചിരുന്നു. ഹോട്ടല്‍ തൊഴിലാളിയാണു മരിച്ച ഹാഷിം.
കുഴികളടയ്ക്കാന്‍ ദേശീയപാത അധികൃതരോട് നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെന്നും നടപടിയെടുത്തില്ലന്നും കോടതിയുടെ അന്വേഷണത്തിനു മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
റോഡുകളുടെ ചുമതല കരാറുകാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കാണന്നും റോഡില്‍ ഇനിയൊരു ജീവന്‍ പൊലിഞ്ഞാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും കോടതി രണ്ടാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കു ബാധ്യതയുണ്ടാവുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതിനിടെ, ദേശീയ പാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കരാറുകാർക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെയും കേസെടുക്കണം. കുഴികൾ ഇല്ലാതാക്കാൻ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി മുൻകൈ എടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.
കുഴികൾ നിറഞ്ഞ റോഡുകൾ നന്നാക്കുന്നതു ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഇത് ഒരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണു സർക്കാരിന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.