കൊച്ചി: കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കണമെന്ന ആവശ്യത്തിൽ മൂന്നാഴ്ചക്കകം മറുപടി നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കേസ് മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. കൊച്ചി നഗരത്തിൽ ഡീസൽ ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന പൊതുഗതാഗത വാഹനങ്ങൾ നിരോധിക്കണം എന്നാവശ്യപ്പെട്ടുളളതാണ് ഹർജി.

എറണാകുളം സ്വദേശിയായ ചെഷയർ ടാർസൻ സമർപ്പിച്ച ഹർജിയിലാണ് കോടതി മൂന്നാഴ്ചകൾക്കുളളിൽ നിലപാട് അറിയിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തിൽ പെട്ട പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പെർമിറ്റ് പുതുക്കരുതെന്നും റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ 23 നാണ് ഹർജി സമർപ്പിച്ചത്. എന്നാൽ ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോ, ഡിജിപിയോ, ട്രാൻസ്പോർട് കമ്മിഷണറോ, ജില്ല കളക്ടറോ, മലിനീകരണ നിയന്ത്രണ ബോർഡോ തയ്യാറായില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്ക് വന്നപ്പോൾ വാദിഭാഗം ഉന്നയിച്ചു. ഇതോടെയാണ് മൂന്നാഴ്ച സമയം വേണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിക്കുകയായിരുന്നു.

“ഡൽഹിയിലും ബെംഗലുരുവിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണ്. ഈ സ്ഥിതി നല്ലതല്ല. സിഎൻജി കൊച്ചിയിൽ ഇപ്പോൾ ലഭ്യമാണ്. ഇതിന്റെ ലഭ്യത വർദ്ധിപ്പിക്കണം. ഡീസലിൽ നിന്ന് സിഎൻജിയിലേക്ക് മാറുമ്പോൾ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സബ്സിഡി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്,” പരാതിക്കാരനായ ചെഷയർ ടാർസൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ഭാരത് സ്റ്റേജ് 1, ഭാരത് സ്റ്റേജ് 2 വിഭാഗത്തിൽ ഉൾപ്പെട്ട പൊതുഗതാഗത വാഹനങ്ങൾക്ക് പെർമിറ്റ് പുതുക്കരുതെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സിഎൻജി യുടെ ലഭ്യതയിൽ കുറവുണ്ടെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയിൽ സിഎൻജി ലഭ്യത വർദ്ധിപ്പിക്കുന്നതിന് എന്ത് ചെയ്യാനാവുമെന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യത്തിലെ നിലപാട് അറിയിക്കാമെന്ന് കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ എംഎ വിനോദ് വ്യക്തമാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ