കൊച്ചി: എറണാകുളത്ത് നടത്തുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു നടപ്പാത കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി. നിയമലംഘനം നടക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് എന്തെന്ന് കോടതി ആരാഞ്ഞു. പാവപ്പെട്ടവര്‍ ഹെല്‍മറ്റ് വെച്ചില്ലങ്കില്‍ പിഴ ഈടാക്കും. പാര്‍ട്ടിയുടെ നിയമ ലംഘനം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും കോടതി പറഞ്ഞു.
കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുകയാണന്നും കോടതി പറഞ്ഞു. പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ നീക്കുന്നതു സംബന്ധിച്ച ഹര്‍ജികളും കോടതി സ്വമേധയാ എടുത്ത കേസുകളിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ പരാമര്‍ശം.
കോര്പറേഷന് സെക്രട്ടറിയെയും കോടതി വിമര്‍ശിച്ചു. അനധികൃത ബോര്‍ഡുകള്‍ നീക്കാനായില്ലെങ്കില്‍ സെക്രട്ടറിക്ക് എങ്ങനെ സ്ഥാനത്ത് തുടരാനാവുമെന്നു കോടതി ആരാഞ്ഞു.
കലൂരിലടക്കം ഇപ്പോഴും നിരവധി ബോര്‍ഡുകളുണ്ട്. ഹൈക്കോടതി നോക്കുകുത്തിയാണെന്നു ധരിക്കരുത്. മൂന്നു വര്‍ഷമായി ഇക്കാര്യമാണ് പറയുന്നതെന്നും കോടതി പറഞ്ഞു.
റോഡില്‍ നിറയെ ഭരണകക്ഷിയുടെ കൊടികളാണെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. നിയമലംഘനത്തിനെതിരെ മിണ്ടാന്‍ നഗരസഭകള്‍ക്കു ധൈര്യമില്ലെന്ന് കോടതി പറഞ്ഞു.
Also Read: ചുവപ്പണിഞ്ഞ് കൊച്ചി; സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം
കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ സിപിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറലും കൊച്ചി കോര്‍പറേഷനും അറിയിച്ചു. അഞ്ചാം തിയതിക്കു ശേഷം എല്ലാ കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കോര്പറേഷന് വ്യക്തമാക്കി.
കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ നല്കിയ അനുമതി ഹാജരാക്കാന്‍ കോര്പറേഷന് കോടതി നിര്‍ദേശം നല്കി. ചട്ടവിരുദ്ധമായി തോരണങ്ങളും കട്ടൗട്ടുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
ജനങ്ങളുടെ ജീവന് അപകടത്തിലാക്കിയല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മേളനം നടത്തേണ്ടതെന്നും സമ്മേളനശേഷം കൊടിതോരണങ്ങള്‍ നീക്കം ചെയ്തതിന്റെ പുരോഗതി അറിയിക്കാനും കോടതി നിര്‍ദേശം നല്കി.
റോഡ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുള്ള കൊടിതോരണങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടു. പൊതുസ്ഥലങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ നഗരസഭകള്‍ക്കു നിര്‍ദേശം നല്കി.