മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്. ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌കോടതി ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച സ്റ്റേ ചെയ്തിരുന്നു. രണ്ട് മാസത്തേക്കായിരുന്നു സ്റ്റേ ഏര്‍പ്പെടുത്തിയത്. ശ്രീറാമിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രീറാമിനെതിരെ നരഹത്യക്കുറ്റം നിലനില്‍ക്കും എന്നാണ് സര്‍ക്കാര്‍ വാദം.
അപകട സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നും രക്തസാമ്പിള്‍ നല്‍കാന്‍ വിമുഖത കാട്ടിയിരുന്നുവെന്നും സാക്ഷികളുടെ മൊഴിയില്‍ തെളിഞ്ഞിരുന്നതായി ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും അപകടം നടന്ന ദിവസം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയപ്പോള്‍ ചികിത്സ വൈകിപ്പിക്കാന്‍ ശ്രീറാം ശ്രമങ്ങള്‍ നടത്തിയെന്നും ഹര്‍ജി വ്യക്തമാക്കുന്നു.
ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ പ്രതിയോട് സര്‍ജനുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്‌തെങ്കിലും അത് വകവയ്ക്കാതെ പൊലീസിനെ അറിയിക്കാതെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അംശം ലയിപ്പിക്കുന്നതിനായി പ്രതി തന്റെ രക്ത സാമ്പിള്‍ ശേഖരിക്കുന്നത് മനപൂര്‍വ്വം വൈകിപ്പിച്ചു എന്നും ഇക്കാര്യം പരിഗണിക്കുന്നതില്‍ കീഴ്ക്കോടതി പരാജയപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.